ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശത്ത് 10,000 പേരെ ലക്ഷ്യമിട്ട് ഡൽഹി കെ.എം.സി.സി തുടങ്ങിയ റമദാൻ ദുരിതാശ്വാസ പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. മുസ്തഫാബാദ്, ശിവവിഹാർ, ബാബുനഗർ, ബ്രിജ്പുരി, ഖജൂരിഖാസ് മേഖലകളിലെ ആയിരം കുടുംബങ്ങൾക്ക് റമദാനിലേക്കുള്ള ഭക്ഷ്യധാന്യ കിറ്റുകൾ നേരിട്ട് വീടുകളിലെത്തിച്ചാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്.
അടുത്തയാഴ്ചതന്നെ ആരംഭിക്കുന്ന രണ്ടാംഘട്ട റിലീഫ് വിതരണത്തിൽ രണ്ടായിരം കുടുംബങ്ങളിലെ ഏഴായിരത്തോളം പേർക്ക് സഹായമെത്തിക്കാനാണ് കെ.എം.സി.സി പദ്ധതിയിടുന്നതെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രസിഡൻറ് അഡ്വ. ഹാരിസ് ബീരാനും ജന. സെക്രട്ടറി കെ.കെ. മുഹമ്മദ് ഹലീമും അറിയിച്ചു.
ഡൽഹി കലാപബാധിത മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുമായി സഹകരിച്ച് ഡൽഹിയിലെ വിവിധ സ്ഥലങ്ങളിലകപ്പെട്ടുപോയ അതിഥി തൊഴിലാളികൾക്കും തൊഴിൽ രഹിതർക്കും ലോക്ഡൗൺ തുടങ്ങിയപ്പോൾ മുതൽ ഭക്ഷണകിറ്റുകളടങ്ങിയ അടിയന്തര സഹായം ഡൽഹി കെ.എം.സി.സി എത്തിച്ചിരുന്നു. മുസ്തഫാബാദിലെ വിവിധ മേഖലകളിൽ നടന്ന വിതരണത്തിന് ഡൽഹി കെ.എം.സി.സി ഭാരവാഹികളായ അഡ്വ. മർസൂഖ് ബാഫഖി തങ്ങൾ, പി.പി. ജിഹാദ്, മുസ്ലിം ലീഗ് ഡൽഹി സ്റ്റേറ്റ് ഭാരവാഹി നിസാമുദ്ദിൻ, മർകസ് ട്രസ്റ്റ് അംഗങ്ങളായ നൗഫൽ ഖുദ്റാനി, ശൈഖ് രിഫാഇ മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.