'പ്രതിഷേധക്കാരിൽ നിന്ന് അകലം പാലിക്കണം'; മാധ്യമങ്ങൾക്ക് നിർദേശവുമായി ഡൽഹി പൊലീസ്
ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്കിടെ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന ആരോപണങ്ങൾ ചൂടുപിടിക്കുമ്പോൾ പുതിയ നിർദേശവുമായി ഡൽഹി പൊലീസ്. വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതിഷേധക്കാരിൽ നിന്ന് അകലം പാലിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. അഡീഷണൽ ഡിസിപി മഞ്ജീത് ഷിയോറാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
ചിലർ ഒരു ദിവസം മാധ്യമ പ്രവർത്തകരായും മറുദിവസം സമരക്കാരായും എത്തുന്നുണ്ടെന്നും ഇത് പൊലീസിന്റെ ജോലിയെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിൽ നിന്ന് അൽപം മാറി നിന്ന് കവർ ചെയ്യണമെന്ന് തുടർച്ചയായി പറയുന്നുണ്ടെങ്കിലും ചിലർ പ്രതിഷേധക്കാർക്കിടയിലേക്ക് കയറി ജോലി തടസ്സപ്പെടുത്തുകയാണെന്നും മാധ്യമ പ്രവർത്തനത്തിന് അതിന്റേതായ മര്യാദകളുണ്ടെന്നും അത് അട്ടിമറിക്കാൻ പാടില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു. ഇതേ കാര്യം ഡൽഹി പൊലീസ് എക്‌സിലൂടെയും പങ്കുവെച്ചു.
പ്രതിഷേധം തടയാൻ പൊലീസ് ജനാധിപത്യ വിരുദ്ധമായി പെരുമാറുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഈ പ്രതികരണം. ആളുകളെ ട്രെയിനിൽ നിന്ന് ഇറക്കിവിടുകയും വീടുകളിൽ കയറി കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ പള്ളികളോട് പോലും ആവശ്യപ്പെടുന്നുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്.
ജനാധിപത്യത്തിൽ പൊലീസ് ചെയ്യേണ്ട പണിയാണോ ഇതെന്നും പൗരന്മാരെ സംരക്ഷിക്കേണ്ട പൊലീസ് ബി.ജെ.പിയുടെ രാഷ്ട്രീയ ഉപകരണം പോലെയാണ് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും എഐഎസ്എ നേതാവ് നേഹ ബോറ വിമർശിച്ചു.
ഇതിനിടെ ജന്തർ മന്തറിൽ ഒക്ടോബർ 3ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം നേരിട്ടുവെന്ന് കാട്ടി മൂന്ന് വനിതാ മാധ്യമ പ്രവർത്തകർ നൽകിയ പരാതിയിൽ നടപടി തുടങ്ങി. പരാതി ന്യൂഡൽഹി ജില്ലാ പൊലീസ് കമല മാർക്കറ്റിലെ ക്രൈം ബ്രാഞ്ചിന് കൈമാറി. വൈകീട്ട് ആറ് മണിയോടെയാണ് ഇവർ പരാതിയുമായി എത്തിയതെന്ന് ഡിസിപി നേഹ യാദവ് അറിയിച്ചു. കസ്റ്റഡിയിലെടുക്കുന്നതിനിടെ മാനഭംഗപ്പെടുത്താനുള്ള ശ്രമം ഉൾപ്പെടെ ഉണ്ടായെന്നാണ് പരാതി. പരാതി രജിസ്റ്റർ ചെയ്ത് വൈദ്യപരിശോധന പൂർത്തിയാക്കി കേസ് ക്രൈം ബ്രാഞ്ചിന് വിട്ടതായും അന്ന് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ആരോപണം ശരിയാണെങ്കിൽ ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ ഡൽഹി പൊലീസ് കമ്മീഷണറോട് രണ്ടാഴ്ചക്കകം റിപ്പോർട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.