നന്ദിഗ്രാമിൽ ബി.ജെ.പിക്ക് റെക്കോഡ് ജയം; ഹസിറാണി റാത്തിന് ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം; റെജിനഗറും പിടിച്ചെടുത്തു
കൊൽക്കത്ത: പശ്ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നന്ദിഗ്രാം, റെജിനഗർ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് റെക്കോഡ് ജയം. നന്ദിഗ്രാമിൽ ബി.ജെ.പി സ്ഥാനാർഥി ഹസി റാണി റാത്ത് 1,06,513 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിൽ ബി.ജെ.പിയുടെ ശങ്കരവ് സർക്കാർ നേടിയത് 55,583 വോട്ടുകളുടെ ഭൂരിപക്ഷം.
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ പിന്തുണയിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ ആണ് നന്ദിഗ്രാമിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. 37,940 വോട്ടുകളാണ് മിലൻ പ്രധാന് നേടാനായത്. 70 ശതമാനം മുസ്‍ലിം വോട്ടർമാരുള്ള റെജിനഗറിൽ ബി.ജെ.പിയുടെ ശങ്കരവ് സർക്കാർ ആം ജനത ഉന്നയാൻ പാർട്ടി (എ.ജെ.യു.പി) സ്ഥാനാർഥി ഗുലാം നബി ആസാദിനെയാണ് പരാജയപ്പെടുത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിലും ജയിച്ച സുവേന്ദു അധികാരി ഭവാനിപൂർ നിലനിർത്തിയതിനെ തുടർന്നാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെപ്പിന് കളമൊരുങ്ങിയത്. കൊല്ലപ്പെട്ട ചന്ദ്രനാഥ് റാഥിന്‍റെ മാതാവാണ് ഹാസിരാണി. സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്നു ചന്ദ്രനാഥ്. അവസാന നിമിഷം സ്ഥാനാർഥി പിന്മാറിയതിനെ തുടർന്ന് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
തമിഴ്നാട്ടിലെ ധാരാപുരത്ത് ടി.വി.കെ സ്ഥാനാർഥി പി. സത്യഭാമ ഡി.എം.കെയുടെ എസ്. സുഗന്യക്കെതിരെ 9471 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. ഇവിടെ അണ്ണാ ഡി.എം.കെ സ്ഥാനാർഥി ഭാനുമതിയാണ് മൂന്നാമത്. മധുരാന്തകത്ത് ടി.വി.കെയുടെ മരഗതം കുമരവേൽ ഡി.എം.കെയുടെ ഗണിത സമ്പത്തിനെതിരെ 20,302 വോട്ടുകളുടെ ഭൂരിപക്ഷം നേടി. അസമിലെ നാഗോൾ ലോക്സഭ സീറ്റിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ദേവാശിഷ് ശർമ 1,10,629 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എ.ഐ.യു.ഡി.എഫ് അധ്യക്ഷൻ ബദറുദ്ദീൻ അജ്മലാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമി ഒഴിഞ്ഞ തട്ടാഞ്ചാവടി സീറ്റിൽ അദ്ദേഹത്തിന്റെ പാർട്ടിയായ ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസിന്റെ (എ.ഐ.എൻ.ആർ.സി) സ്ഥാനാർഥി അശോക് ആനന്ദ് വിജയിച്ചു. 8,482 വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർഥി ഇ. വിനായകത്തെയാണ് പരാജയപ്പെടുത്തിയത്.
‘ന്യൂനപക്ഷങ്ങൾ ബി.ജെ.പിയിൽ സുഹൃത്തിനെ കാണുന്നു’
കൊൽക്കത്ത: ന്യൂനപക്ഷ സമുദായം ബി.ജെ.പിയിൽ സുഹൃത്തുക്കളെ കാണുന്നതായും അവർ തങ്ങൾക്കാണ് വോട്ട് ചെയ്തതെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. റെജിനഗർ, നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘നന്ദിഗ്രാമിലെ 80 ശതമാനവും റെജിനഗറിലെ 60 ശതമാനവും മുസ്‍ലിംകൾ ബി.ജെ.പിക്കാണ് വോട്ട് ചെയ്തത്. നേരത്തേ അവർ തെറ്റിദ്ധരിക്കപ്പെട്ടതായിരുന്നു. അടുത്ത തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വോട്ട് ലഭിക്കും. മുമ്പ് തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ഉപതെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷമാണ് പശ്ചിമ ബംഗാളിൽ സമാധാനാന്തരീക്ഷം ഉണ്ടായത്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.