'ആകെ 772 വോട്ടർമാരുള്ള ബൂത്തിൽ എങ്ങനെ ബി.ജെ.പിക്ക് 909 വോട്ട് കിട്ടും'; ബംഗാൾ ഉപതെരഞ്ഞെടുപ്പിൽ വോട്ടുചോരിയെന്ന് പ്രതിപക്ഷം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നിയമസഭാ മണ്ഡലങ്ങളിൽ വോട്ടുചോരി ആരോപണവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്ത്. റെജിനഗർ മണ്ഡലത്തിലെ പോളിങ്ങിലാണ് ഇരുപാർട്ടികളും വ്യാപക ക്രമക്കേട് ആരോപിച്ചത്.
റെജിനഗർ മണ്ഡലത്തിൽ വോട്ടറല്ലാതിരുന്നിട്ടും ബി.ജെ.പി സ്ഥാനാർത്ഥി ശങ്കർവ് സർക്കാർ അവിടെ വോട്ടുചെയ്തു എന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ബെർഹാംപൂർ നിയമസഭാ മണ്ഡലത്തിലെ 200-ാം നമ്പർ പോളിങ് ബൂത്തിൽ 788-ാം സീരിയൽ നമ്പറിലുള്ള വോട്ടറാണ് ശങ്കർവെന്നും കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നു. വോട്ടറല്ലാത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനാകുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ട് ബംഗാൾ കോൺഗ്രസ് എക്സ് പോസ്റ്റിൽ ചോദിച്ചു. വോട്ടുചോരിക്ക് ഇതിൽക്കൂടുതൽ തെളിവ് വേണോ എന്നും ഇതാണ് കണ്ണുതുറന്നു കാണേണ്ടതെന്നും ബംഗാൾ കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഇതിന് പുറമെ, പോളിങ് ബൂത്തിലെ ആകെ വോട്ടുകളുടെ എണ്ണത്തേക്കാൾ കൂടുതൽ വോട്ട് ബി.ജെ.പി സ്ഥാനാർത്ഥിക്ക് ലഭിച്ചെന്ന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും ആരോപിച്ചു. 772 വോട്ടർമാർ മാത്രമുള്ള റെജിനഗറിലെ 109-ാം നമ്പർ ബൂത്തിൽ ബി.ജെ.പിക്ക് 909 വോട്ട് ലഭിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബൂത്തിലെ ആകെ വോട്ടിനേക്കാൾ കൂടുതൽ വോട്ട് എങ്ങനെ ഒരു പാർട്ടിക്ക് ലഭിക്കുമെന്നും അഭിഷേക് ചോദിച്ചു.
എന്നാൽ ഈ ആരോപണങ്ങൾക്കിടെ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളും ബി.ജെ.പി വിജയിച്ചിട്ടുണ്ട്. എ.ജെ.യു.പി നേതാവ് ഹുമയൂൺ കബീർ രാജിവച്ചതിനെ തുടർന്ന് റെജിനഗറിൽ നടന്ന തിരഞ്ഞെടുപ്പിൽ 75,816 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാർത്ഥി ശങ്കർവ് സർക്കാർ വിജയിച്ചത്. ബംഗാളിലെ നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ഹസിറാണി രഥ് 1,22,753 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തൃണമൂൽ പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് ഇവിടെ 41,764 വോട്ട് മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ വീഴ്ത്തി സുവേന്ദു അധികാരി പിടിച്ചെടുത്ത മണ്ഡലമാണിത്. അന്ന് സുവേന്ദുവിന് 9,665 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണത്തെ വിജയം ലക്ഷം കടന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.