പ്രജ്വൽ രേവണ്ണ
ബംഗളൂരു ജയിലിലെ ‘സുഖവാസത്തിന്’ പൂട്ട്; പ്രജ്വൽ രേവണ്ണയെ ബെളഗാവിയിലേക്ക് മാറ്റാൻ ഉത്തരവ്
ബംഗളൂരു: ലൈംഗിക പീഡന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജനതാദൾ -എസ് മുൻ എം.പി പ്രജ്വൽ രേവണ്ണയെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് വടക്കൻ കർണാടകയിലെ ബെളഗാവി ജയിലിലേക്ക് മാറ്റാൻ ഉത്തരവ്. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവിസസ് ഡയറക്ടർ ജനറൽ അലോക് കുമാറാണ് ബെളഗാവി ഹിൻഡൽഗ ജയിലിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.
ആഗസ്റ്റ് 11ന് പരപ്പന അഗ്രഹാര ജയിലിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) നടത്തിയ പരിശോധനയിൽ പ്രജ്വലിന്റെ സെല്ലിൽ നിന്ന് മൊബൈൽ ഫോണും പെൻഡ്രൈവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹിൻഡൽഗ ജയിൽ അധികാരികൾക്ക് ഇതുസംബന്ധിച്ച് ഔദ്യോഗിക സന്ദേശം അയച്ചു. പ്രജ്വലിന്റെ മാറ്റത്തിനായുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കാൻ ജയിൽ ചീഫ് സൂപ്രണ്ടിനും നിർദേശം നൽകി. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്ത് കർശന സുരക്ഷയോടെ അദ്ദേഹത്തെ പെട്ടെന്ന് തന്നെ മാറ്റാനാണ് നീക്കം.
മുൻ എം.പിയുടെ സെല്ലിൽ നിന്ന് ഗാഡ്‌ജെറ്റുകൾ കണ്ടെത്തിയത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ജയിൽ ഭരണസംവിധാനത്തിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടർന്നുള്ള അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രജ്വലിനെ മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ. 48കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് രേവണ്ണക്ക് കഴിഞ്ഞ വർഷം ജീവപര്യന്തം ശിക്ഷ ലഭിച്ചത്.
ഹാസൻ ജില്ലയിലുള്ള ഹൊളേനരസിപുരയിലെ രേവണ്ണയുടെ കുടുംബത്തിന്റെ ഫാംഹൗസിൽ വീട്ടുജോലിക്കാരിയായിരുന്നു അതിജീവിത. 2021 മുതൽ പ്രജ്വൽ രേവണ്ണ തന്നെ പലതവണ ബലാത്സംഗം ചെയ്തതായി ഇവർ ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തുകയും ഇക്കാര്യം പുറത്തുപറഞ്ഞാൽ വിഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.