അബദ്ധത്തിൽ കാൽ നടയാത്രകാരനെ കാറിടിച്ചു, പിന്നാലെ യുവാവിനെ കെട്ടിപിടിച്ച് ഡ്രൈവർ; വിഡിയോ
ഡെറാഡൂൺ: റോഡിൽ ഒരു അപകടം സംഭവിച്ചാൽ വാഗ്വാദങ്ങൾ നടക്കുന്നത് പതിവാണ്. എന്നാൽ, വാഗ്വാദത്തിൽ ഏർപ്പെടുന്നതിന് പകരം ഡ്രൈവറും അപകടത്തിന് ഇരയായ ആളും പരസ്പരം കെട്ടിപിടിച്ചാൽ എങ്ങനെയിരിക്കും? ഉത്തരാഖണ്ഡിൽ നടന്ന അത്തരമൊരു സംഭവമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്.
ഉത്തരാഖണ്ഡിൽ റോഡരികിലൂടെ ഒരു യുവാവ് നടന്നുപോകുമ്പോൾ കാർ അടുത്തേക്ക് വന്ന് അയാളെ ഇടിച്ചു തെറിപ്പിച്ചു. ഉടനെ തന്നെ കാർ നിർത്തിയ ഡ്രൈവർ യുവാവിനെ കെട്ടിപിടിക്കുകയായിരുന്നു. ഉത്തരാഖണ്ഡ് പൊലീസ് സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ലൈറ്റ് കളർ വസ്ത്രം ധരിച്ച യുവാവ് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പെട്ടന്ന് ഒരു ചുവന്ന ഹാച്ച്ബാക്ക് കാർ യുവാവിനെ ഇടിച്ചു. ഉടൻ തന്നെ വാഹനം നിർത്തി ഡ്രൈവർ യുവാവിന് അരികിലെത്തി. പരസ്പരം ദേഷ്യപ്പെടുന്നതിന് പകരം ഡ്രൈവർ യുവാവിന് പരിക്കുകളൊന്നുമില്ലെന്ന് സ്നേഹത്തോടെ ഉറപ്പുവരുത്തുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും കാറിനരികിൽ നിന്ന് കുറച്ചു നേരം സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
"റോഡുകളിൽ ദേഷ്യമല്ല, മനുഷ്യത്വമാണ് കാണിക്കേണ്ടത്" എന്ന അടികുറിപ്പോടെയാണ് ഉത്തരാഖണ്ഡ് പൊലീസ് ഈ വിഡിയോ പങ്കുവെച്ചത്. ചെറിയ തർക്കങ്ങൾ വലിയ സംഘർഷങ്ങളിലേക്ക് എത്താതിരിക്കാൻ ക്ഷമയും സഹാനുഭൂതിയും സഹായിക്കുമെന്ന് പൊലീസ് ഓർമിപ്പിച്ചു. അക്രമാസക്തമായി പ്രതികരിക്കുന്നതിന് പകരം, അപകടം സമ്മതിച്ച് കാൽനടയാത്രക്കാരനെ പരിശോധിക്കാനുള്ള ഡ്രൈവറുടെ തീരുമാനത്തെ പൊലീസ് പ്രശംസിച്ചു. റോഡിൽ എപ്പോഴും വേഗത നിയന്ത്രിക്കുകയും കാൽനടയാത്രക്കാരെ ബഹുമാനിക്കുകയും ചെയ്യണമെന്നും പൊലീസ് ഈ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.