അൽഫൗസ് ആസ്മി, ആസിഫ് ഇഖ്ബാൽ തൻഹ



ജന്തർമന്തർ സമരത്തിന് മുൻപ് ഡൽഹിയിൽ റെയ്ഡ്; ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി അൽഫൗസ് ആസ്മിയും ആസിഫ് ഇഖ്ബാൽ തൻഹയും കസ്റ്റഡിയിൽ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10 ശനിയാഴ്ച ജന്തർമന്തറിൽ പ്രഖ്യാപിച്ച പ്രതിഷേധ സമരത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് വിദ്യാർഥി -യുവജന നേതാക്കൾക്കെതിരെ ഡൽഹി പൊലീസിന്റെ കടുത്ത നടപടി. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി അൽഫൗസ് ആസ്മി, കേന്ദ്ര കമ്മിറ്റി അംഗം ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നേതാക്കളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കുമ്പോൾ, ജനാധിപത്യപരമായ വിയോജിപ്പുകളെ ക്രൂരമായി അടിച്ചമർത്താനുള്ള ഭരണകൂട ശ്രമമാണിതെന്ന് സംഘടന കുറ്റപ്പെടുത്തി. തലസ്ഥാന നഗരം അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയിലാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള പ്രസിഡന്റ് നയീം ഗഫൂർ എൻ.കെ ആരോപിച്ചു.

 

നേതാക്കളുടെ വീടുകളിൽ റെയ്ഡ്; വഴികൾ കൊട്ടിയടച്ച് പൊലീസ്

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന്റെ താമസസ്ഥലത്ത് പുലർച്ചെ തന്നെ പോലീസ് സംഘമെത്തുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സംഘടനയുടെ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെയെ ഫോണിൽ ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചതായും നേതാക്കൾ വ്യക്തമാക്കി. ജന്തർമന്തറിലേക്ക് എത്തുന്ന എല്ലാ വഴികളും അടയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് വിദ്യാർഥി നേതാക്കൾ ആരോപിക്കുന്നു.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ വകവെക്കാതെ ഒക്ടോബർ 10-ന് തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ഡൽഹിയിൽ ശക്തമായ പ്രക്ഷോഭം അരങ്ങേറുക തന്നെ ചെയ്യുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വ്യക്തമാക്കി.

Tags:    
News Summary - Delhi Police Crackdown Ahead of Oct 10 Protest: Fraternity Gen Sec Alfauz Azmi Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.