പ്രതീകാത്മക ചിത്രം

"ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കരുത്": മെട്രോ പൂർണമായി അടച്ചിടാനാവില്ലെന്ന് സുപ്രീംകോടതി; നിയന്ത്രണങ്ങളിൽ കേന്ദ്രത്തിന് വിമർശനം

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത ഗതാഗത നിയന്ത്രണങ്ങൾക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. ഡൽഹി മെട്രോയും ട്രെയിൻ സർവിസുകളും പൂർണമായി അടച്ചിടാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, ഈച്ചയെ കൊല്ലാൻ ചുറ്റിക എടുക്കരുതെന്നും കേന്ദ്ര സർക്കാറിനെ വിമർശിച്ചു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

ഒരു പ്രതിഷേധത്തിന്റെ പേരിൽ തലസ്ഥാനത്തെ സാധാരണ ജനജീവിതം സ്തംഭിപ്പിക്കരുതെന്ന് കോടതി പറഞ്ഞു. ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, കിഴക്കൻ ഡൽഹി, തെക്കൻ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദിവസവും ജോലിക്കായി ഡൽഹിയിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് ആളുകളാണ് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത്. യുവാക്കളും പ്രായമായവരും ഉൾപ്പെടെ എല്ലാവരും മെട്രോയെ ആശ്രയിക്കുന്നു. എല്ലാവർക്കും സ്വന്തമായി കാറോ സ്വകാര്യ വാഹനമോ ഇല്ല. അതിനാൽ അടിസ്ഥാന യാത്രാ സൗകര്യം നിഷേധിക്കരുതെന്നും നിയന്ത്രണവും പൂർണമായ അടച്ചിടലും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

എല്ലാ ട്രെയിനുകളും റദ്ദാക്കി മെട്രോ സ്റ്റേഷനുകൾ അടക്കുകയും ചെയ്തു. എവിടെയും പോകാൻ കഴിയാത്ത അവസ്ഥയാണ്. രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്നും ഇത് സമാധാനപരമായ പ്രതിഷേധമാണെന്നും ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഒരു പ്രത്യേക പ്രതിഷേധക്കാരനെ കുറിച്ചല്ല, മറിച്ച് ഉപജീവനത്തിനായി യാത്ര ചെയ്യുന്ന സാധാരണക്കാരെ കുറിച്ചാണ് തങ്ങളുടെ ആശങ്കയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിയമപാലകർക്ക് പൂർണ അവകാശമുണ്ടെന്നും എന്നാൽ അനിയന്ത്രിതമായ നീക്കം തടയുന്നതിന്റെ പേരിൽ എല്ലാം നിർത്തി ആളുകളെ യാത്രാമാർഗമില്ലാതെ ഉപേക്ഷിക്കരുതെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേ തുടർന്നാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരുമായി കൂടിയാലോചിച്ച് ആനുപാതികമായ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം കോടതിക്ക് ഉറപ്പ് നൽകി.

മെട്രോ ട്രെയിനുകളുടെ ഫ്രീക്വൻസി കുറക്കാമെന്നും എന്നാൽ സർവിസ് പൂർണമായും നിർത്താനാവില്ലെന്നും കോടതി പറഞ്ഞു. റോഡുകൾ അടച്ചിടുന്നതിലും പുനരാലോചന വേണമെന്നും ഏതൊക്കെ സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നും വേണ്ടെന്നും വിലയിരുത്താൻ കോടതി നിർദേശിച്ചു.

ഒക്ടോബർ 10ലെ പ്രതിഷേധവും സുരക്ഷാ പ്രാധാന്യമുള്ള മേഖലകളിലേക്ക് ജനക്കൂട്ടം എത്താനുള്ള സാധ്യതയും കണക്കിലെടുത്താണ് 57 മെട്രോ സ്റ്റേഷനുകളിലെ പ്രവേശന, എക്സിറ്റ് ഗേറ്റുകൾ ഒക്ടോബർ 9 രാത്രി 9 മണി മുതൽ അടക്കാൻ തീരുമാനിച്ചത്. ബാധിത സ്റ്റേഷനുകളിലൂടെയുള്ള മെട്രോ സർവീസുകൾ കുറഞ്ഞ ഫ്രീക്വൻസിയിൽ മാത്രമേ ഓടൂ എന്നും അറിയിച്ചിരുന്നു. ഇതിന് പുറമെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിലേക്കുള്ള നിരവധി ട്രെയിനുകളും റദ്ദാക്കിയിരുന്നു.

Tags:    
News Summary - Supreme Court Slams Delhi Restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.