സി.ജെ.പി പ്രതിഷേധം: ഡൽഹിയിലേക്ക് പുറപ്പെട്ട വിദ്യാർത്ഥികളെ ട്രെയിനിൽ നിന്ന് ഇറക്കിവിട്ട് മധ്യപ്രദേശ് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിൽ ഒക്ടോബർ പത്തിന് നടക്കുന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) പ്രതിഷേധത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലേക്ക് യാത്ര തിരിച്ച വിദ്യാർത്ഥികളെ പൊലീസ് ട്രെയിനിൽ നിന്ന് ബലം പ്രയോഗിച്ച് ഇറക്കിവിട്ടതായി പരാതി. പൂനെയിൽ നിന്ന് പുറപ്പെട്ട 15 ഓളം വിദ്യാർത്ഥികളെയാണ് ട്രെയിനിൽ നിന്ന് ഇറക്കി വിട്ടത്. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിലെ ഇറ്റാർസി ജംഗ്ഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ന്യൂഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ പൂനെ എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് പൊലീസിന്റെ അതിക്രമം. വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന കോച്ചിലേക്ക് വ്യാഴാഴ്ച രാത്രി മധ്യപ്രദേശ് പൊലീസ് എത്തുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോർട്ട്. എന്നാൽ, വിസമ്മതിച്ച വിദ്യാർത്ഥികളെ പിന്നീട് കൂടുതൽ പൊലീസ് എത്തി ബലം പ്രയോഗിച്ച് ഇറക്കി വിടുകയുമായിരുന്നുവെന്നാണ് ആരോപണം. വിദ്യാർത്ഥികളെ ഇറ്റാർസിയിൽ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആരോപണമുണ്ട്.

വിദ്യാർത്ഥികളെ ട്രെയിനിൽ നിന്ന് ഇറക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തുവെന്നും ഇറ്റാർസിയിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് ചോക്സെ പറഞ്ഞു. വിദ്യാർത്ഥികൾ സ്വന്തം ഇഷ്ടപ്രകാരം ഇറ്റാർസിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വിദ്യാർത്ഥികൾക്ക് നേരെയുള്ള നടപടിക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിട്ടില്ല.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ഒക്ടോബർ 10 ശനിയാഴ്ച ജന്തർമന്തറിൽ സി.ജെ.പി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തമായത്.

അതേസമയം, ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി റെയിൽവേ 28 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശേഷം പുറപ്പെടുന്നതും ശനിയാഴ്ച ന്യൂഡൽഹിയിലോ ഹസ്രത് നിസാമുദ്ദീനിലോ എത്തിച്ചേരേണ്ടതുമായ മെയിൽ /എക്സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ ട്രെയിനുകൾ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് തന്നെ റദ്ദാക്കിയിട്ടുണ്ട്.

സമരത്തെ തുടർന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്നാണ് റെയിൽവേയുടെ വാദം. രണ്ട് സ്റ്റേഷനുകൾക്ക് ചുറ്റും റോഡിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും റെയിൽവേ ബോർഡ് വൃത്തങ്ങൾ പറഞ്ഞു.

ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെ രംഗത്തെത്തിയിട്ടുണ്ട്. യുവാക്കളെ ഇത്രയധികം ഭയമാണെങ്കിൽ കേന്ദ്ര സർക്കാർ രാജ്യം മുഴുവൻ അടച്ചുപൂട്ടണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.

Tags:    
News Summary - Students going to Delhi CJP protest forced to get off train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.