ജെ.എൻ.യു

ലൈംഗികാതിക്രമ ആരോപണം; 10 വിദ്യാർഥിനികളുടെ പരാതിയിൽ കോൺഗ്രസ് എം.പി കൂടിയായ പ്രഫസറെ പിരിച്ചുവിട്ട് ജെഎൻയു

ന്യൂഡൽഹി: 11 വിദ്യാർഥിനികളുടെ ലൈംഗിക പീഡന പരാതിയെ തുടർന്ന് പ്രഫസറെ സർവിസിൽ നിന്ന് പിരിച്ചുവിട്ട് ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു). മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് ലോക്‌സഭ അംഗം കൂടിയായ പ്രഫ. അങ്കോംച ബിമോൽ അക്കോയിജത്തിനെതിരെയാണ് നടപടി.

അക്കോയിജം, ജെ.എൻ.യുവിലെ സോഷ്യൽ സയൻസസ് സ്കൂളിന് കീഴിലുള്ള സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു. ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ജെ.എൻ.യു വൈസ് ചാൻസലർ ശാന്തിശ്രീ ഡി. പണ്ഡിറ്റ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

സർവിസ് ചട്ടപ്രകാരം ഏറ്റവും കടുത്ത ശിക്ഷയാണ് പ്രഫസർക്ക് നൽകിയിരിക്കുന്നത്. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് തീരുമാനമെന്നും സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചെന്നും ഉത്തരവിൽ പറയുന്നു.

ഏറെ ഗൗരവമുള്ള ആരോപണങ്ങളാണ് പ്രഫസർക്കെതിരെ ഉയർന്നത്. കാമ്പസിനുള്ളിൽ താമസിക്കുന്ന ഇയാൾ വിദ്യാർഥികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. പഠനവുമായി ബന്ധപ്പെട്ട ചർച്ചകൾക്കെന്ന പേരിൽ വസതിയിലേക്ക് ക്ഷണിച്ച ശേഷം ലൈംഗിക ചുവയോടെ സംസാരിക്കുകയും അടുപ്പം കാണിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വിദ്യാർഥിനികൾ പരാതിയിൽ പറയുന്നു. ക്ലാസിൽ വെച്ച് പോലും അതിരുവിട്ട സംസാരം ഉണ്ടായെന്നും പരാതിയുണ്ട്. ഇത്തരം പരാമർശങ്ങൾ ക്ലാസ് മുറിയിൽ അസ്വസ്ഥത ഉണ്ടാക്കിയതായും വിദ്യാർഥിനികൾ ചൂണ്ടിക്കാട്ടി.

ഒരു മാസം മുമ്പാണ് ആദ്യ പരാതികൾ സർവകലാശാലക്ക് ലഭിക്കുന്നത്. പിന്നാലെ കൂടുതൽ വിദ്യാർഥിനികൾ സമാന അനുഭവം തുറന്നുപറയുകയായിരുന്നു. വിഷയം കാമ്പസിൽ വലിയ ചർച്ചയായതിനെ തുടർന്ന് വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പരാതിയിൽ വേഗത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ അധികൃതരെ സമീപിച്ചിരുന്നു. സമീപകാലത്ത് ജെഎൻയുവിൽ ഉണ്ടായ ഏറ്റവും ശക്തമായ നടപടിയാണിത്. കാമ്പസിനുള്ളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്നാണ് സർവകലാശാലയുടെ നിലപാട്.

Tags:    
News Summary - JNU Professor Fired Over Harassment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.