പത്ത് തൊഴിലാളികൾക്കും നാട്ടിലെത്താൻ ഫ്ലൈറ്റ് ടിക്കറ്റ്; മാതൃകയായി തൊഴിലുടമ

ന്യൂഡൽഹി: ഡൽഹിയിലെ കൂൺ ഫാമിൽ ജോലി ചെയ്യാനെത്തിയ 10 ബിഹാർ സ്വദേശികൾ ലോക്ഡൗൺ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിക്കുകയാണ്. എന്നാൽ രാജ്യത്തെ മറ്റ് അന്തർ സംസ്ഥാന തൊഴിലാളികളെ പോലെ അത്യുഷ്ണത്തിൽ നടന്നലഞ്ഞും സൈക്കിളിലുമൊന്നുമല്ല ഇവർ നാട്ടിലേക്ക് പോകുന്നത്. ഫാമുടമ പപ്പൻ സിങ് ഗെഹ് ലോട്ട് ഇവർക്ക് നാട്ടിലെത്താൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തുനൽകി മാതൃകയായിരിക്കുകയാണ്.

ഡൽഹിയിൽ നിന്നും പറ്റ്നയിലേക്കാണ് ടിക്കറ്റ്. പിന്നീട് സമഷ്ടിപുർ ജില്ലയിലെ ശ്രീപുർ ഗഹർ വരെ ട്രെയിനിലായിരിക്കും യാത്ര. എല്ലാ ചെലവും വഹിക്കുന്നത് ഉടമ തന്നെ. വിമാനയാത്രക്ക് മുമ്പുള്ള മെഡിക്കൽ ചെക്കപ്പ് കഴിഞ്ഞ് യാത്രക്ക് വേണ്ടി ഉത്സാഹത്തോടെ കാത്തിരിക്കുകയാണ് പത്ത് പേരും. വ്യാഴാഴ്ച രാവിലെ തന്‍റെ സ്വന്തം വാഹനത്തിൽ പത്ത് പേരെയും പപ്പൻ സിങ് തന്നെ എയർപോർട്ടിൽ കൊണ്ടുപോയിവിടും. 

തങ്ങളുടെ സാമ്പത്തിക ചുറ്റുപാട് വെച്ച് സ്വപ്നം പോലും കാണാൻ കഴിയാത്തതാണ് വിമാനയാത്ര സാഫല്യമാകുന്നതിന്‍റെ സന്തോഷത്തിലാണ് തൊഴിലാളികൾ. എന്തായാലും ഇതിനെല്ലാം പപ്പൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് തൊഴിലാളികളുടെ പ്രതികരണം. 

ട്രെയിനിൽ ടിക്കറ്റിന് ശ്രമിച്ചിരുന്നുവെങ്കിലും കിട്ടാതായതോടെയാണ് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തത്. നാട്ടിലേക്ക് പോകുംവഴി അപകടത്തിൽ പെടുന്ന തൊഴിലാളികളുടെ ദുരിതങ്ങൾ എല്ലാ ദിവസവും വാർത്തകളിലൂടെ അറിയുന്നതാണ്. തന്‍റെ തൊഴിലാളികളെ ദുരന്തത്തിലേക്ക് തള്ളിവിടാൻ തയാറല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പറയുന്നു പപ്പൻ സിങ്. ഫ്ലൈറ്റ് ടിക്കറ്റിനുമാത്രം ഇദ്ദേഹത്തിന് ചെലവായത് 68000 രൂപയാണ്. 

എന്തായാലും ആഗസ്റ്റിൽ കൂൺ കൃഷി ആരംഭിക്കുന്ന സമയത്ത് തിരിച്ചുവരുമെന്ന ഉറപ്പിലാണ് ഇവർ നാട്ടിലേക്ക് തിരിക്കുന്നത്. 

Tags:    
News Summary - Delhi mushroom farm owner books air tickets for his 10 workers to go back home-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.