`പാറ്റകളെ കടത്തി വിടില്ല': ഡൽഹിയിൽ ഇന്ന് രാത്രി മുതൽ 57 മെട്രോ സ്റ്റേഷനുകൾ അടച്ചിടും
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി ശനിയാഴ്ച നടത്താനിരിക്കുന്ന പ്രതിഷേധസമരത്തിന്റെ മുന്നോടിയായി ഡൽഹിയിൽ 57 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാത്രി മുതൽ അടച്ചിട്ടേക്കും. സ്റ്റേഷനുകളിലേക്കുള്ള പ്രവേശനകവാടം അടക്കണമെന്ന് ഡൽഹി മെട്രോ റെയിൽ കോർപറേഷന് (ഡി.എം.ആർ.സി) പൊലീസ് നിർദേശം നൽകിയതിന് പിന്നാലെയാണ് നീക്കത്തിനൊരുങ്ങുന്നത്. രാത്രി ഒമ്പത് മണി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് നിർദേശം. നിലവിലെ അന്തരീക്ഷം പൂർവസ്ഥിതിയിലാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരാനും നിർദേശമുണ്ട്.
ട്രാൻസ്പോർട്ട് റേഞ്ച് ജോയിന്റ് കമീഷണർ ഡി.എം.ആർ.സിയുടെ മാനേജിങ് ഡയറക്ടർ വികാസ് കുമാറിന് ഒക്ടോബർ എട്ടിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സമരക്കാർ കൂട്ടത്തോടെ എത്താനും പ്രക്ഷോഭബാധിത മേഖലകളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിർദിഷ്ട സ്റ്റേഷനുകളിലെ മെട്രോ സർവിസ് ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രധാന സ്റ്റേഷനുകൾ:
ജൻപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, ന്യൂഡൽഹി, മണ്ടി ഹൗസ്, ഐ.ടി.ഒ, ഡൽഹി ഗേറ്റ്, ഖാൻ മാർക്കറ്റ്, സുപ്രീംകോടതി, ഇന്ദ്രപ്രസ്ഥ, ഐ.എൻ.എ, ഹൗസ് ഖാസ്, ലജ്പത് നഗർ, കശ്മീരി ഗേറ്റ്, കരോൾ ബാഗ്, ജമാ മസ്ജിദ്, വിശ്വവിദ്യാലയ, സീലാംപുർ, ഷഹ്ദറ, രോഹിണി വെസ്റ്റ് എന്നിവ ഉൾപ്പെടെ 57 സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ലോക് കല്യാൺ മാർഗ്, ജോർബാഗ്, ജങ്പുര, ആശ്രം, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഓഖ്‌ല വിഹാർ, സിവിൽ ലൈൻസ്, ജി.ടി.ബി നഗർ, ആദർശ് നഗർ, ജഹാംഗീർപുരി, വെൽക്കം, യമുന വിഹാർ, റിഥാല എന്നിവയാണ് പട്ടികയിലുള്ള മറ്റു സ്റ്റേഷനുകൾ. ഐ.എൻ.എ മെട്രോ സ്റ്റേഷന്റെ രണ്ട് ലൈനുകളിലുള്ള കവാടങ്ങൾ നിയന്ത്രണവിധേയമാക്കണമെന്നും നിർദേശത്തിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.