യു.പിയിൽ ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ

കാൺപൂർ: ഡൽഹിയിൽ ട്രെയിൻ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ. ഡൽഹി സ്വദേശിയായ യുവാവിനെയാണ് ഝാൻസി പൊലീസ് അറസ്റ്റ് ചെയ്തത്. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ നിന്നും വിരമിച്ച പ്രൊഫസറുടേയും ഭാര്യയുടേയും ദേഹത്ത് ഇയാൾ മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു.

ഡൽഹി കുത്തബ് വിഹാർ സ്വദേശിയായ റിതേഷ് കുമാറാണ് അറസ്റ്റിലായത്. റെയിൽവേ ആക്ടിലെ 145ാം വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ആർ.പി.എഫ് അറിയിച്ചു.

ഡൽഹിയിൽ നിന്നുള്ള വിദ്യാർഥിയാ​ണ് താനെന്നാണ് റിതേഷ് പറഞ്ഞതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥൻ രവീന്ദ്ര കൗശിക് പ്രതികരിച്ചു. ഇയാളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയെന്നും അദ്ദേഹം പറഞ്ഞു. സമ്പ്രക് ക്രാന്തി എക്സ്പ്രസിലാണ് റിതേഷ് കുമാർ കയറിയതെന്ന് കൗശിക് പറഞ്ഞു. യു.പിയിലെ മണിക്പൂർ ജംങ്ഷനും ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണിത്. ബി3 കോച്ചിലെ അപ്പർ ബർത്തിലാണ് യുവാവുണ്ടായിരുന്നത്. വിരമിച്ച പ്രൊഫസറും ഭാര്യയും ഹാരാൽപൂർ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഇവർ ലോവർ ബർത്തിലാണ് ഉണ്ടായിരുന്നത്.

യാത്രക്കിടെ യുവാവ് ദമ്പതികളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു. ദമ്പതികൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സഹയാത്രികർ ഇടപ്പെട്ടാണ് ഇയാളെ ബെർത്തിൽ നിന്നും മാറ്റിയത്. പിന്നീട് ട്രെയിനിന്റെ ടിക്കറ്റ് എക്സാമിനറെത്തി ഇയാളെ കോച്ചിൽ നിന്നും മാറ്റുകയും വിവരം അടുത്ത ഝാൻസി റെയിൽവേ സ്റ്റേഷൻ അധികൃതരെ അറിയിക്കുകയുമായിരുന്നു.

Tags:    
News Summary - Delhi man, 19, urinates on retd prof, wife on Sampark Kranti Exp; arrested: Cop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT