പ്രതീകാത്മക ചിത്രം

ബലാത്സംഗ പരാതി പിൻവലിക്കാൻ ഇരക്കുമേൽ സമ്മർദ്ദം; ജഡ്ജിമാർ​ക്കെതിരെ അച്ചടക്ക നടപടിയുമായി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: അഭിഭാഷകനെതിരെ ബലാത്സംഗ പരാതി പിൻവലിക്കാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജഡ്ജിമാർക്കെതി​രെ അച്ചടക്ക നടപടി. ജില്ല ജഡ്ജിമാരായ സൻജീവ് കുമാർ സിങ്, അനിൽ കുമാർ എന്നിവ​ർക്കെതിരെയാണ് ഡൽഹി ഹൈകോടതി നടപടി. അന്വേഷണം പൂർത്തിയാവും വരെ സൻജീവ് കുമാർ സിങിനെ സസ്‌പെൻഡ് ചെയ്യാനും ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

അഭിഭാഷകനെതിരെ നൽകിയ ബലാംത്സംഗ പരാതി പിൻവലിക്കാൻ ഇരുവരും തന്നെ ഭീഷണിപ്പെടുത്തിയതായും പണം വാഗ്ദാനം ചെയ്തതായും കാണിച്ചാണ് യുവതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായക്ക് പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട ശബ്ദ രേഖകളും കോടതിയിൽ സമർപ്പിച്ചിരുന്നു.

അഭിഭാഷകനുമായി അടുത്ത ബന്ധമുളളവരാണ് ജഡ്ജിമാർ ഇരുവരും. 27കാരിയായ യുവതി മുൻപ്, ഇരു ജഡ്ജിമാർക്കും കീഴിൽ ക്ളർക്കായി ജോലി ചെയ്തിരുന്നു. പരാതി നൽകിയതിന് പിന്നാലെ, പിൻവലിക്കാൻ ഇരുവരും തുടരെ സമ്മർദ്ദം ചെലുത്തി.

ബലാത്സംഗ പരാതി നൽകിയതിന് പിന്നാലെ ഇരു ജഡ്ജിമാരും തുടരെ തന്റെ ഫോണിലേക്ക് വിളിച്ചു. വൈദ്യപരിശോധനക്ക് ഹാജരാകരുതെന്നും പരാതി അബദ്ധത്തിൽ നൽകിയതാണെന്ന് കാണിച്ച് പിൻവലിക്കാനും ആവശ്യപ്പെട്ടു. പ്രതിയായ അഭിഭാഷകനിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ഇത് യുവതിക്ക് കൈമാറാമെന്നും സൻജീവ് കുമാർ സിങ് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയിൽ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് ശബ്ദ, ഫോൺ കോൾ രേഖകൾ, സ്ക്രീൻ ഷോട്ടുകൾ എന്നിവയും യുവതി ഹൈകോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിയുടെ അഭിഭാഷകൻ തന്നെ ഡൽഹി ഹൈകോടതി ജഡ്ജിമാരിലൊരാളെ പരിചയപ്പെടുത്തിയെന്നും പരാതി പിൻവലിച്ചാൽ ഗവേഷകയായി നിയമിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും പരാതിയിലുണ്ട്.

പിന്നാലെ, ആഗസ്റ്റ് 27ന് സൻജീവ് കുമാർ സിങിനെയും കുമാറിനെയും ഹൈകോടതി വിജിലൻസ് കമ്മറ്റി വിളിച്ചുവരുത്തിയിരുന്നു. ഇരുവരും തെറ്റ് നിഷേധിച്ചെങ്കിലും, പരാതിക്കാരി സമർപ്പിച്ച ശബ്ദരേഖകളുമായ ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നൽകാനായില്ല. തുടർന്ന്, അന്വേഷണം പൂർത്തിയാവും വരെ സൻജീവ് കുമാർ സിങിനെ സസ്‌പെൻഡ് ചെയ്യാനും ഇരുവർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിറ്റി ശിപാർശ ചെയ്തു. ആരോപണമുയർന്ന ഹൈകോടതി ജഡ്ജിക്ക് സംഭവത്തിലെ പങ്ക് ക​ണ്ടെത്താനായില്ലെന്നും വിജിലൻസ് കമ്മറ്റി വ്യക്തമാക്കി. തുടർന്ന് ഫുൾ കോർട്ട് ചേർന്ന ഹൈ​​കോടതി, ശിപാർശയനുസരിച്ച് നടപടികൾ അംഗീകരിക്കുകയായിരുന്നു. 

Tags:    
News Summary - Delhi judge pressured woman to drop rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.