ജാമിഅ മില്ലിയ ഇസ്ലാമിയ; പ്രതിഷേധിച്ച വിദ്യാർഥികളുടെ സസ്‌പെൻഷന് സ്റ്റേ

ന്യൂഡൽഹി: മുൻകൂർ അനുമതിയില്ലാതെ കാമ്പസിൽ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ (ജെ.എം.ഐ) യിലെ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തു. പൗരത്വ ഭേദഗതി നിയമ (സി.എ.എ) പ്രതിഷേധങ്ങളുടെയും 2019-ൽ കാമ്പസിൽ നടന്ന പൊലീസ് ക്രൂരതയുടെയും വാർഷികത്തോടനുബന്ധിച്ച് 2024 ഡിസംബറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനെതിരെയാണ് വിദ്യാർഥികൾ പ്രകടനം നടത്തിയത്.

പ്രശ്‌നം പരിഹരിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമായി വൈസ് ചാൻസലറുടെ നേതൃത്വത്തിൽ സർവകലാശാല ഉദ്യോഗസ്ഥരും വിദ്യാർഥി പ്രതിനിധികളുമുൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കാൻ കോടതി ഉത്തരവിട്ടു.

ജാമിഅയിലെ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യുകയും കാമ്പസിലേക്ക് പ്രവേശിക്കുന്നത് വിലക്കുകയും ചെയ്ത സർവകലാശാല പ്രോക്ടറുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി കോടതി പരിഗണിക്കുകയായിരുന്നു. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശ് കുമാർ ശർമ സർവകലാശാലയോട് നിർദ്ദേശിച്ചു.

പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് വിദ്യാർഥികളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ വിദ്യാർഥികൾ പ്രതിഷേധത്തിന് ആവശ്യമായ അനുമതികൾ നേടിയിട്ടില്ലെന്നും സ്വത്ത് നാശനഷ്ടങ്ങൾ വരുത്തിയെന്നും സർവകലാശാല പ്രതിനിധി അഭിഭാഷകരായ അമിത് സാഹ്നിയും കിസ് ലി മിശ്രയും വാദമുന്നയിച്ചു.

വിദ്യാർഥികൾ സർവകലാശാല നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും ഇവർ ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നതിനുപകരം സർവകലാശാല ഡൽഹി പൊലീസുമായി സഹകരിച്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരിയിൽ സർവകലാശാല കാമ്പസിൽ പ്രതിഷേധിച്ച ചില വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ചില വിദ്യാർഥികളെ മണിക്കൂറുകളോളം കാണാതായതായി പ്രതിഷേധക്കാർ അവകാശപ്പെട്ടു. ഇത് കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു.

Tags:    
News Summary - Delhi HC stays student suspensions amid JMI protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.