ഡൽഹി ജിംഖാന ക്ലബ്ബ് ചരിത്രമാകുന്നു; ഒഴിഞ്ഞുപോകാൻ കേന്ദ്രത്തിന്റെ അന്ത്യശാസനം

ഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഡൽഹി ജിംഖാന ക്ലബ്ബ് ജൂൺ അഞ്ചിനകം ഒഴിഞ്ഞുതരണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് വൻ രാഷ്ട്രീയ വിവാദത്തിനും തർക്കങ്ങൾക്കും വഴിവെക്കുന്നു. രാജ്യസുരക്ഷക്കായി പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന്  27.3 ഏക്കർ ഭൂമി അടിയന്തരമായി ഏറ്റെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് ക്ലബ്ബിന് നോട്ടീസ് നൽകിയത്. 1913-ൽ ഡൽഹിയിലെ സഫ്ദർജംഗ് റോഡിൽ സ്ഥാപിതമായ ഈ ചരിത്രപ്രസിദ്ധമായ ക്ലബ്ബിന്റെ ലീസ് കരാർ റദ്ദാക്കിക്കൊണ്ടാണ് രാഷ്ട്രപതിയുടെ പേരിൽ മന്ത്രാലയം ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വർഷങ്ങളായി സാമ്പത്തിക ക്രമക്കേടുകളും ഭവനനിർമാണ ചട്ടലംഘനങ്ങളും ഉൾപ്പെടെ നിരവധി വിവാദങ്ങളിൽ പെട്ടിരുന്ന ഡൽഹി ജിംഖാന ക്ലബ്ബിന്റെ നിയന്ത്രണം  2022-ൽ തന്നെ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ ഉത്തരവിലൂടെ കേന്ദ്ര സർക്കാർ ഏറ്റെടുത്തിരുന്നു.  ക്ലബ്ബ് പൂർണ്ണമായും ഒഴിപ്പിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം, അവിടെ ജോലി ചെയ്യുന്ന അറുനൂറോളം ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുമെന്നും രാജ്യത്തിന്റെ കായിക-സാംസ്‌കാരിക പൈതൃകത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കാണിച്ച് പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ജനങ്ങളെ കുടിയൊഴിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പാവപ്പെട്ടവരിൽ നിന്ന് തുടങ്ങിയ ഈ വേട്ടയാടൽ ഇപ്പോൾ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും എത്തുന്ന ക്ലബ്ബുകളിൽ വരെ എത്തിനിൽക്കുകയാണെന്നും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. അതേസമയം ലൂട്ടിൻസ് ഡൽഹിയിലെ മിക്ക ഭൂമിയും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രാജ്യസുരക്ഷയും പൊതുതാൽപ്പര്യവും മുൻനിർത്തി ഭൂമി തിരിച്ചുപിടിക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ടെന്നുമാണ് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.


Tags:    
News Summary - Delhi Gymkhana Club becomes history; Centre issues ultimatum to vacate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.