ഡൽഹി എക്സൈസ് അഴിമതി കേസ്; സഞ്ജയ് സിങ്ങിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

ന്യുഡൽഹി: ഡൽഹി എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൂസ് അവന്യൂ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച അഞ്ചാമത്തെ അനുബന്ധ കുറ്റപത്രമാണ്. സഞ്ജയ് സിങ്ങിന്റെ അടുത്ത അനുയായി സർവേഷ് മിശ്രയേയും ഇ.ഡി കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷയിൽ നവംബർ 28ന് ഡൽഹി കോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഡിസംബർ ആറിനകം മറുപടി നൽകാൻ ഇ.ഡിയോട് ആവശ്യപ്പെടുകയും കേസ് ഡിസംബർ ആറിന് വാദം കേൾക്കാൻ ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒക്ടോബർ 4നാണ് സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. മദ്യ നയവുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ പരിചയപ്പെട്ടത് സഞ്ജയ് സിങ് വഴിയായിരുന്നെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദിനേശ് അറോറ മൊഴി നൽകിയിരുന്നു. അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചക്ക് സഹായിച്ചതും സഞ്ജയ് സിങ് ആണെന്നായിരുന്നു ദിനേശ് അറോറയുടെ മൊഴി.

അതേസമയം, തന്നെ നിശബ്ദനാക്കാനാണ് അറസ്റ്റ് ചെയ്തതെന്നും ജയിലിൽ കഴിയുന്ന ഓരോ ദിവസവും സ്വേച്ഛാധിപത്യ ശക്തിക്കെതിരെ പോരാടാനുള്ള നിശ്ചയദാർഢ്യവും ശക്തിയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജയിലിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്തെഴുതിയ കത്തിൽ സഞ്ജയ് സിങ് വ്യക്തമാക്കിയിരുന്നു. സഞ്ജയ് സിങ്ങിന്റെ അറസ്റ്റ് പൂർണമായും നിയമവിരുദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധൈര്യമില്ലായ്മയാണ് അറസ്റ്റിലൂടെ തെളിയുന്നതെന്നുമാണ് അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചത്.

Tags:    
News Summary - Delhi excise policy case: Enforcement Directorate files charge sheet against Sanjay Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.