തട്ടിപ്പിനിരയായ നരേഷ് മൽഹോത്ര
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് എന്നപേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ അധികൃത മുന്നറിയിപ്പുകൾ സജീവമാകുമ്പോഴും തട്ടിപ്പുസംഘങ്ങളും ഇരകളും പെരുകുന്നു.
ഏറ്റവും ഒടുവിൽ ന്യൂഡൽഹിയിൽ ഡിജിറ്റൽ അറസ്റ്റ് പേരിൽ തട്ടിപ്പിനിരയായി, ജീവിത സമ്പാദ്യമെല്ലാം നഷ്ടമായത് ഒരു മുൻ ബാങ്ക് ഉദ്യോഗസ്ഥന്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ എന്നു ചമഞ്ഞ് വിളിച്ചായിരുന്നു 78കാരനായ മുൻ ബാങ്ക് ഉദ്യോഗസ്ഥനെ വലയിലാക്കിയത്. ഇയാളിൽ നിന്നും 23 കോടി രൂപയും സംഘം തട്ടിയെടുത്തു.
ഡൽഹി സ്വദേശിയായ നരേഷ് മൽഹോത്രക്കാണ് ആഗസ്റ്റ് ഒന്നിനും സെപ്റ്റംബർ നാലിനുമിടയിലായി 20 ഇടപാടുകളിലൂടെ 23 കോടി രൂപ നഷ്ടമായത്.
ജോലിചെയ്ത കാലത്ത് സമ്പാദിച്ച് സ്വരൂക്കൂട്ടിയതെല്ലാം ഒരു മാസത്തിനുള്ളിൽ തനിക്ക് നഷ്ടമായെന്നും, തെറ്റായ ആളുകളെ വിശ്വസിച്ച് തട്ടിപ്പിനിരയായ തന്റെ അനുഭവം മറ്റുള്ളവർക്ക് പാഠമാകട്ടെ എന്നും പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞ ഒന്നര മാസത്തിനുള്ളിലെ അനുഭവങ്ങൾ നരേഷ് മൽഹോത്ര വാർത്ത ഏജൻസിയുമായി പങ്കുവെച്ചത്.
ഇദ്ദേഹത്തിന്റെ പരാതിയെ തുടർന്ന് ഡൽഹി പൊലീസിനു കീഴിലെ ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ട്രാറ്റജിക് ഓപറേഷൻ (ഐ.എഫ്.എസ്.ഒ) വിഭാഗം തട്ടിപ്പു സംഘം പിൻവലിച്ച 2.67 കോടി രൂപയുടെ ഇടപാട് മരവിപ്പിച്ചിട്ടുണ്ട്.
ആഗസ്റ്റ് ഒന്നിനാണ് തെക്കൻ ഡൽഹിയിലെ ഗുൽമോഹർ പാർക്കിലെ വീട്ടിലേക്ക് നരേഷ് മൽഹോത്രക്ക് ആദ്യത്തെ ഫോൺ വിളിയെത്തുന്നത്. മൊബൈൽ കമ്പനിയിൽ നിന്നെന്നും പറഞ്ഞ് ഒരു സ്ത്രീയായിരുന്നു വിളിച്ചത്. തന്റെ ആധറിൽ മുംബൈയിൽ മൊബൈൽ കണക്ഷൻ എടുത്തതായും, ഈ നമ്പർ ഉപയോഗിച്ച് ഭീകരവാദ ഫണ്ടിങ് ഉൾപ്പെടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നുമായിരുന്നു സ്ത്രീയുടെ ആരോപണം.
കേസ് മുംബൈ പൊലീസിന് കൈമാറിയതായും, അവരുമായി സംസാരിക്കാനും ഇവർ ആവശ്യപ്പെട്ടു.
പിന്നാലെ മുംബൈ പൊലീസ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സി.ബി.ഐ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് പലരും വിളിച്ചു. ഗുരുതര നടപടികള്‍ സ്വീകരിക്കുമെന്നും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ഭീഷണിപ്പെടുത്തിയതായും നരേഷ് മൽഹോത്ര പറഞ്ഞു.
തുടർന്ന് താങ്കൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും, വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൊലീസെന്ന വ്യാജേനെ സംഘം നിർദേശം നൽകി. ഓരോ രണ്ട് മണിക്കൂറിലും സംഘം വീഡിയോ കാളിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും ആവർത്തിച്ചു. വിവരം രഹസ്യമായി സൂക്ഷിക്കാനും നിർദേശിച്ചു.
പാസ്പോർട്ട് കണ്ടുകെട്ടുമെന്നും വിദേശയാത്ര വിലക്ക് ഏർപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് കൂടുതല്‍ വിശ്വാസം ആര്‍ജിക്കാനായി ഒരു വ്യാജ ജാമ്യ ഉത്തരവും അയച്ചുനല്‍കി.
ഡിജിറ്റൽ അറസ്റ്റ് തുടർന്ന സംഘം തന്റെ സമ്പാദ്യത്തെ കുറിച്ചാണ് ആദ്യം ചോദിച്ചതെന്ന് നരേഷ് മൽഹോത്ര പറയുന്നു. 14 ലക്ഷമാണ് അക്കൗണ്ടിലുള്ളതെന്ന് പറഞ്ഞപ്പോൾ തുക കൈമാറാൻ ആവശ്യപ്പെട്ടു. പണം അയച്ചു നൽകിയപ്പോൾ ആർ.ബി.ഐയുടെ പേരിൽ ഒരു വ്യാജ സർട്ടിഫിക്കറ്റും നൽകി. ആർ.ബി.ഐ നോഡൽ ഓഫീസർ ബന്ധപ്പെടുമെന്നും, കേസ് തീർപ്പായാൽ പണം തിരികെ ലഭിക്കുമെന്നും അവർ അറിയിച്ചു. അക്കൗണ്ടിലെ കാശ് കൈമാറിയ ശേഷം, എസ്.ഐ.പി ഉൾപ്പെടെ മ്യൂച്ചൽ ഫണ്ടിൽ എത്ര തുകയുണ്ടെന്നായ ചോദ്യം. ബോംബെ ഹൈകോടതി മാർഗനിർദേശങ്ങൾ പാലിച്ചുള്ളതാണ് തന്റെ നിക്ഷേപമെന്നും വ്യക്തമാക്കിയെങ്കിലും സംഘം വിട്ടില്ല.
ആസ്തികളിൽ 25 ശതമാനം ആദ്യം പരിശോധിച്ച് സാധുത ഉറപ്പുവരുത്തുമെന്നായി. അനുസരിച്ചില്ലെങ്കിൽ കുടുംബാംഗങ്ങളെ ഭീകരവാദ കേസുകളിൽ കൂട്ടുപ്രതികളാക്കുമെന്നും ഭീഷണിപ്പെടുത്തി.
നിരന്തരമായ ഭീഷണിയെത്തുടർന്ന് മൂന്ന് വ്യത്യസ്ത ബാങ്കുകളിൽ നിക്ഷേപങ്ങൾ പിൻവലിച്ച്, സംഘം നൽകിയ അക്കൗണ്ട് നമ്പറുകളിലേക്ക് മാറ്റി. ഓരോ തവണ കൈമാറുമ്പോഴും, ആർ.ബി.ഐയുടെ പേരും സീലും പതിച്ച വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി. സെപ്റ്റംബർ 14ന് സുപ്രീം കോടതി രജിസ്ട്രാറുടെ പേരിൽ പശ്ചിമ ബംഗാളിലെ സ്വകാര്യബാങ്കിൽ അഞ്ച് കോടി നിക്ഷേപിക്കണമെന്ന് സംഘം ആവശ്യപ്പെട്ടതോടെയാണ് മൽഹോത്രക്ക് സംശയങ്ങൾ തുടങ്ങുന്നത്.
പണം നേരിട്ട് സുപ്രീം കോടതിയിൽ അടക്കാമെന്ന് അറിയിച്ചതോടെ സംഘത്തിന്റെ സ്വരം മാറി. എന്നാൽ, ഡൽഹിയിലെ ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാമെന്ന് അറിയിച്ചതോടെ ഫോൺ കട്ട് ചെയ്ത് വ്യാജ പൊലീസ് മുങ്ങിയപ്പോൾ മാത്രമായിരുന്നു താൻ തട്ടിപ്പിനിരയായത് നരേഷ് മൽഹോത്രക്ക് ബോധ്യപ്പെട്ടത്. സെപ്റ്റംബർ 19നായിരുന്നു ഇത്. അപ്പോഴേക്കും മൂന്ന് ബാങ്കുകളിലെ നിക്ഷേപവും, മ്യൂച്ചൽഫണ്ടിലെ നിക്ഷേപവും ഉൾപ്പെടെ 23കോടി തട്ടിപ്പുകാർ കൊണ്ടു പോയിരുന്നു.
തുടർന്ന് പൊലീസിൽ നൽകിയ പരാതി നൽകുകയായിരുന്നു. നരേഷ് മൽഹോത്രയുടെ അക്കൗണ്ടുകളിൽ നിന്നുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അക്കൗണ്ടുകൾ വഴി കൈമാറി പിൻവലിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 4000ത്തിൽ അധികം അക്കൗണ്ടുകൾ വഴി പണം കൈമാറിയതായാണ് സൂചന. തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.