ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റോളിയിൽ അഞ്ചുനില പാർപ്പിട സമുച്ചയം തകർന്നു വീണ സംഭവത്തിൽ മരണം രണ്ടായി. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. കപിൽ, രവി എന്നീ മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നു 10 പേരെ ഇതുവരെ രക്ഷപ്പെടുത്തി. ചികിത്സയിലുള്ളവരിൽ എട്ട് പേരും മെഡിക്കൽ വിദ്യാർഥികളാണ്. മൂന്ന് പേർ അകത്ത് ഇനിയും കുടുങ്ങിക്കിടക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 16 മണിക്കൂറിലേറെ പിന്നിട്ടിട്ടും അകത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ സാധിക്കാത്തതിൽ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്.
ഡൽഹി പൊലീസ്, ഫയർ സർവീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ശനിയാഴ്ച രാത്രി ഏഴോടെയാണ് ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള അഞ്ച് നില കെട്ടിടം തകർന്നു വീണത്.
കോച്ചിങ് സെന്ററുകൾ, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും. വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന താൽക്കാലിക കാന്റീന് മുകളിലേക്കാണ് കെട്ടിടം തകർന്നു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.