ഡൽഹി സ്ഫോടനം: ഹൃദയം നുറുങ്ങി ആശുപത്രി പരിസരം; ആറ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: ഹൃദയഭേദകമായ കാഴ്ചകൾക്കാണ് ഡൽഹി എൽ.എൻ.ജെ.പി ആശുപത്രി പരിസരവും മൗലന ആസാദ് മെഡിക്കൽ കോളജ് മോർച്ചറിയും തിങ്കളാഴ്ച രാത്രി മുതൽ സാക്ഷ്യംവഹിച്ചത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ നിസ്സഹായരായി നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ ഏവരുടെയും ഉള്ളുലക്കുന്നതാണ്.

പരിക്കേറ്റവരെ എൽ.എൻ.ജെ.പിയിലേക്ക് കൊണ്ടുവന്നപ്പോൾ മൃതദേഹങ്ങൾ തൊട്ടടുത്തുള്ള മൗലാന ആസാദ് മെഡിക്കൽ കോളജിലെ മോർച്ചറിയിലേക്കാണ് മാറ്റിയത്. ഒമ്പത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചതെങ്കിലും വിവിധ ശരീരാവശിഷ്ടങ്ങൾകൂടി കണക്കിലെടുത്ത് 13 വരെ ആയേക്കാമെന്നാണ് അധികൃതരുടെ കണക്കൂകൂട്ടൽ. തിരിച്ചറിഞ്ഞ ആറ് മൃതദേഹങ്ങൾ ചൊവ്വാഴ്ച ഉച്ചയോടെ ബന്ധുക്കൾ ​കൊണ്ടുപോയി.

യു.പി ഷാംലി സ്വദേശി 22കാരൻ നുഅ്മാൻ അൻസാരി, ബിഹാർ സ്വദേശി ടാക്സി ട്രൈവർ പങ്കജ് ചൗധരി, യു.പി ശ്രാവസ്തി സ്വദേശി ദിനേഷ് കുമാർ മിശ്ര, ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്ടറായ യു.പി അംറോഹ സ്വദേശി അശോക് കുമാർ, ഡൽഹി ശ്രീനിവാസ്പുരി സ്വദേശി 34കാരനായ അമർ കഠാരിയ, യു.പി സ്വദേശി ലോകേഷ് അഗർവാൾ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ഷാംലിയിൽ വ്യാപാരിയായ നുഅ്മാൻ ചാന്ദ്നി ചൗക്ക് മാർക്കറ്റിൽനിന്ന് സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാനെത്തിയപ്പോഴാണ് കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധു 21കാരനായ അമന് സ്ഫോടനത്തിൽ പരിക്കേറ്റു. മരണ വിവരം അറിഞ്ഞ് കുടുംബം ചൊവ്വാഴ്ച അതിരാവിലെത്തന്നെ എൽ.എൻ.ജെ.പി ആ​ശുപത്രിയിൽ എത്തി.

പങ്കജ് സൈനി ബിഹാർ സ്വദേശിയാണ്. ചാന്ദ്നി ചൗക്കിൽ യാത്രക്കാരനെ ഇറക്കിവിട്ട ഉടനെയാണ് സ്ഫോടനത്തിൽ കൊല്ല​പ്പെടുന്നത്. ദിനേഷ് കുമാർ മിശ്രയും ചാന്ദ്നിചൗക്കിൽ ക്ഷണക്കത്തുകൾ വിൽക്കുന്ന കടയിൽ ജോലി ചെയ്തുവരുകയായിരുന്നു.

ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെ സുഹൃത്തിനെ കാണാൻ ലാൽകില മെട്രോ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് അശോക് കുമാറിന്റെ മരണം. അപകടസ്ഥലത്തുനിന്ന് 15 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലെ ജഗത്പുരിലാണ് അശോക് ഭാര്യക്കും മൂന്ന് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമൊപ്പം താമസിച്ചിരുന്നത്.

ഫാർമസി നടത്തിയിരുന്ന ഡൽഹി ശ്രീനിവാസ്പുരി സ്വദേശിയായ 34കാരനായ അമർ കഠാരിയ കടയടച്ച് മടങ്ങുന്നതിനിടെയാണ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള 18 പുരുഷന്മാര്‍ക്കും രണ്ട് സ്‌ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. 

Tags:    
News Summary - Delhi blast: Heartbreaking scene at hospital; Six bodies identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.