ബംഗളൂരു അക്രമം: നാശനഷ്​ട തുക പ്രതികളിൽനിന്ന്​ ഈടാക്കും -ആഭ്യന്തര മന്ത്രി

ബംഗളൂരു: ബംഗളൂരുവിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിലെ നാശനഷ്​ട കണക്ക്​ തയാറാക്കി വരികയാണെന്നും സുപ്രീംകോടതി നിർദേശപ്രകാരം ഈ തുക പ്രതികളിൽനിന്ന്​ ഈടാക്കുമെന്നും കർണാടക ആഭ്യന്തരമന്ത്രി ബസവരാജ്​ ബൊമ്മെ വ്യക്തമാക്കി.

ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട്​ യോഗി ആദിത്യനാഥി​ന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ചെയ്​തതുപോലെ, നഷ്​ടപരിഹാരമായി പ്രതികളുടെ സ്വത്ത്​ പിടിച്ചെടുക്കണമെന്ന്​ കർണാടക ബി.ജെ.പി നേതാക്കൾ ആവർത്തിച്ച്​ ആവശ്യപ്പെട്ടതിന്​ പിന്നാലെയാണ്​ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. പ്രതികളെ തിരിച്ചറിഞ്ഞുവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ആസൂത്രിത കലാപത്തിനുള്ള ശ്രമമാണ്​ ബംഗളൂരുവിൽ നടന്നതെന്നും യു.പി സർക്കാർ ചെയ്​തപോലെ പ്രതികളുടെ സ്വത്ത്​ പിടിച്ചെടുക്കണമന്നുമായിരുന്നു മന്ത്രി സി.ടി. രവിയുടെ പ്രസ്​താവന. കല്ലുകളും പെട്രോൾ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും 300 ഓളം വാഹനങ്ങൾ കത്തിച്ചതായും അദ്ദേഹം ആരോപിച്ചു. അക്രമത്തെ കുറിച്ച്​ ചില സംശയങ്ങളുണ്ടെന്നും അന്വേഷണത്തിന്​ ശേഷം മാത്രമേ അത്​ സ്​ഥിരീകരിക്കാനാവൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്ത്​ കണ്ടുകെട്ടി നഷ്​ടപരിഹാരം ഈടാക്കാൻ യു.പിയിലെ യോഗി സർക്കാറിന്‍റെ മാതൃക മുഖ്യമന്ത്രി ബി.എസ്​. യെദിയൂരപ്പയും സ്വീകരിക്കണമെന്ന്​ ബംഗളൂരു സൗത്ത്​ എം.പി തേജസ്വി സൂര്യ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.