ആദ്യ ലോക്ഡൗണിൽ 8,761 ആത്മഹത്യ; മൂന്ന് വർഷത്തിനിടെ 25,251 പേർ ജീവനൊടുക്കി; മരണക്കണക്ക് പുറത്തുവിട്ട് കേ​​ന്ദ്രം

ന്യൂഡൽഹി: കോവിഡിന്റെ ആദ്യ തരംഗത്തിൽ മാസങ്ങളോളം നീണ്ടു നിന്ന പെട്ടെന്നുള്ള ലോക്ഡൗണും തൊഴിലില്ലായ്മയും കടബാധ്യതയും കാരണം രാജ്യത്ത് ജീവനൊടുക്കിയത് 8,761 പേർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചതാണ് ഈ കണക്ക്. 2020ലാണ് ഇത്രയുംപേർ ആത്മഹത്യ ചെയ്തത്.

2018നും 2020നും ഇടയിലുള്ള മൂന്ന് വർഷത്തിനിടെ 25,251 പേർക്ക് സാമ്പത്തിക പ്രതിസന്ധി മൂലം ജീവൻ നഷ്ടപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2020ലെ കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന് യാതൊരു രേഖയും ഇല്ലെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു.

യു.പിയിൽ കടംകയറിയ ചെരുപ്പ് വ്യാപാരി, ഇന്ന് ഫേസ്ബുക് ലൈവിൽ വന്ന് കുടുംബസമേതം ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. യു.പി നിയമ സഭയിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുന്ന നഗരങ്ങളിലൊന്നായ ബാഗ്പത്തിലെ ഷൂ വ്യാപാരിയായ രാജീവ് തോമറും ഭാര്യയുമാണ് ആത്മഹത്യ ശ്രമം നടത്തിയത്. സംഭവത്തിൽ ഭാര്യ മരണപ്പെടുകയും വ്യാപാരിയെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയ ചരക്ക് സേവന നികുതി (ജിഎസ്ടി) പോലുള്ള സാമ്പത്തിക നയങ്ങൾ കാരണം തന്റെ വ്യാപാരം തകർന്നടിഞ്ഞതായി രാജീവ് തോമർ ലൈവിൽ കുറ്റപ്പെടുത്തിയിരുന്നു. ഈ വിഷയം കത്തി നിൽക്കുന്നതിനിടെയാണ് രാജ്യത്തെ ആത്മഹത്യാ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടത്.

2020ലെ ലോക്ഡൗണിൽ വീട്ടിലേക്ക് പാലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് യാതൊരു കണക്കും ലഭ്യമല്ലെന്ന് സർക്കാർ രേഖാമൂലം മറുപടി നൽകിയത് പ്രതിപക്ഷത്തിന്റെ രോഷത്തിന് ഇടയാക്കിയിരുന്നു. കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന് ഒരു രേഖയും ഇല്ലെന്നും അതിനാൽ നഷ്ടപരിഹാരം എന്ന ചോദ്യം ഉയരുന്നില്ലെന്നുമായിരുന്നു സർക്കാർ മറുപടി. അതേസമയം, പ്രധാനമന്ത്രി 2020 മാർച്ചിൽ പൊടുന്നനെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികൾ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് പാലായനം ചെയ്തതായി മന്ത്രാലയം സമ്മതിച്ചിരുന്നു.

ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ തടയുന്നതിന് കേന്ദ്ര സർക്കാർ മാനസികാരോഗ്യ പരിപാടി നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സ്‌കൂളുകളിലും കോളജുകളിലും ആത്മഹത്യാ പ്രതിരോധ സേവനങ്ങൾ, ജോലിസ്ഥലത്തെ സ്ട്രെസ് മാനേജ്‌മെന്റ്, ലൈഫ് സ്‌കിൽ ട്രെയിനിങ്, കൗൺസിലിംഗ് എന്നിവ നടപ്പാക്കും.

തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Data On Suicides During 1st Covid Wave Finally Released By Home Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.