പത്രാധിപരെ വിലങ്ങിട്ട് നടത്തിച്ച ദാമന്‍-ദിയു അഡ്മിനിസ്ട്രേറ്റര്‍ക്ക് നാല് ലക്ഷം പിഴ

മുംബൈ: അഴിമതിക്കെതിരെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിന് പത്രാധിപരെ അറസ്റ്റ് ചെയ്യുകയും വിലങ്ങണിയിച്ച് തെരുവിലൂടെ നടത്തിക്കുകയും ചെയ്ത സംഭവത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ദാമന്‍-ദിയു, ദാദ്ര-നാഗര്‍ഹവേലി അഡ്മിനിസ്ട്രേറ്റര്‍ക്ക് നാലു ലക്ഷം രൂപ പിഴ. സവേര ടൈംസ് പത്രാധിപര്‍ സതീഷ് ബന്‍വരിലാല്‍ ശര്‍മ നല്‍കിയ ഹരജിയില്‍ ബോംബെ ഹൈകോടതിയാണ് പിഴ വിധിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ദാദ്ര-നാഗര്‍ഹവേലി പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയുടെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ജസ്റ്റിസുമാരായ അഭയ് ഓക, എ. അംജദ് സയ്യദ് എന്നിവരുടെ ബെഞ്ച് വിധിപറഞ്ഞത്. സതീഷ് ബന്‍വരിലാല്‍ ശര്‍മയുടെ മൗലികാവകാശം അഡ്മിനിസ്ട്രേറ്റര്‍ ലംഘിച്ചെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി നിര്‍ദേശം ലംഘിച്ച് കൈയില്‍ വിലങ്ങണിയിക്കുകയും ജനമധ്യത്തിലൂടെ നടത്തിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും കോടതി ഉത്തരവിട്ടു.

2009 ജൂണ്‍ 30നാണ് അന്നത്തെ അഡ്മിനിസ്ട്രേറ്ററുടെ പരാതിയില്‍ കേസെടുത്ത് സതീഷ് ബന്‍വരിലാല ശര്‍മയെ ദാമന്‍ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ശര്‍മയെ ബസില്‍ ബസ്റ്റാന്‍ഡില്‍ കൊണ്ടുവന്നശേഷം വിലങ്ങണിയിച്ച് നഗരത്തിലൂടെ നടത്തി പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പരാതി. ആദ്യം അഡ്മിനിസ്ട്രേറ്റര്‍ക്കും പൊലീസ് മേധാവിക്കും കോടി രൂപയുടെ മാനനഷ്ത്തിന് നോട്ടീസ് അയച്ചു. എന്നാല്‍, അന്വേഷണം നടത്തി സംഭവം നടന്നിട്ടില്ളെന്ന നിലപാടാണ് അധികൃതര്‍ കൈക്കൊണ്ടത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കിയതോടെയാണ് പ്രിന്‍സിപ്പല്‍ ജഡ്ജിയുടെ അന്വേഷണത്തിന് വഴിവെച്ചത്.

ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ, അഞ്ച് കോടി ആവശ്യപ്പെട്ട് സതീഷ് ബന്‍വരിലാല്‍ ശര്‍മ ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു മാസത്തിനകം നാല് ലക്ഷം രൂപ നല്‍കാനാണ് കോടതി ഉത്തരവ്. വൈകിയാല്‍ പ്രതിവര്‍ഷം ഒമ്പത് ശതമാനം എന്ന നിലക്ക് പലിശ നല്‍കാനും കോടതി നിര്‍ദേശിച്ചു. പിഴക്കൊപ്പം ശര്‍മയുടെ കോടതിച്ചെലവിലേക്ക് 25,000 രൂപ നല്‍കാനും ആവശ്യപ്പെട്ടു.

Tags:    
News Summary - daman diu administrator punished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.