ദലിത് വിദ്യാർഥികൾ മോദിയുടെ 'പരീക്ഷ പേ ചർച്ച' കേട്ടത് കുതിരലായത്തിലിരുന്ന്

ചണ്ഡിഗഢ്: വെള്ളിയാഴ്ച നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പരീക്ഷ പേ ചർച്ച'യിൽ ദലിത് വിദ്യാർഥികളോട് കടുത്ത വിവേചനം കാണിച്ചതായി പരാതി.  പരിപാടി ടെലികാസ്റ്റ് ചെയ്യുന്ന സമയത്ത് ഹരിയാനയിലെ കുളു സർക്കാർ സ്കൂളിലെ ദിലിത് വിദ്യാർഥികളെ കുതിരകൾക്കുള്ള ലായത്തിൽ ഇരുത്തി അപമാനിക്കുകയായിരുന്നു അധ്യാപകർ. 

സ്കൂൾ മാനേജ്മെന്‍റ് കമ്മിറ്റി തലവന്‍റെ വീട്ടിലാണ് മോദിയുടെ പരിപാടി ടെലിവിഷനിൽ കാണാൻ സൗകര്യമൊരുക്കിയിരുന്നത്. ഇവിടെ കുതിരകളെ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഇരിക്കാൻ മെഹർചന്ദ് എന്ന അധ്യാപകൻ ദലിത് വിദ്യാർഥികളോട് നിർദേശിക്കുകയായിരുന്നു. പരിപാടി കഴിയുന്നതുവരെ പുറത്ത് പോകരുതെന്ന് കർശനമായ താക്കീതും നൽകിയിരുന്നു. 

കുളു ഡെപ്യൂട്ടി കമീഷണർക്കാണ് ഇതു സംബന്ധിച്ച് വിദ്യാർഥികളുടെ  പരാതി ലഭിച്ചത്. ഉച്ചഭക്ഷണ സമയത്തും തങ്ങൾ വിവേചനത്തിന് ഇരയാകാറുണ്ടെന്ന് നോട്ടുബുക്കിലെ പേജിലെഴുതിയ പരാതിയിൽ പറയുന്നു. സ്കൂളിലെ സാധാരണ വിദ്യാർഥികളോടൊപ്പംദലിത് വിദ്യാർഥികൾക്ക് ഭക്ഷണം നൽകാറില്ല. ഹൈഡ്മാസ്റ്ററും ഇതിന് കൂട്ടുനിൽക്കയാണ് പതിവെന്നും പരാതിയിലുണ്ട്.

സംഭവത്തിന്‍റെ വിഡിയോ ക്ളിപ് പുറത്തുവന്നതോടെ പ്രാദേശിക സംഘടനകൾ സ്കൂളിനും അധികൃതർക്കും എതിരെ പ്രതിഷേധ സമരം ആരംഭിച്ചിരിക്കുകയാണ്. സമരം ശക്തമായതോടെ ഹെഡ് മാസ്റ്റർ മാപ്പെഴുതിക്കൊടുക്കാൻ തയാറായെങ്കിലും സംഘടനകൾ സമരത്തിൽ നിന്നും പിന്മാറാൻ തയാറായിട്ടില്ല.

സംഭവത്തെ ഗൗരവത്തിൽ തന്നെ കൈകാര്യം ചെയ്യുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ യൂനുസ് അറിയിച്ചു. മജിസ്ട്രേറ്റ് തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 

Tags:    
News Summary - Dalit students in Himachal school told to sit outside, watch PM Modi’s ‘Pariksha par Charcha’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.