ചൈനയുടെ എതിര്‍പ്പ് തള്ളി ഇന്ത്യ; ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: ദലൈലാമ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കുന്നതില്‍ ചൈനക്കുള്ള എതിര്‍പ്പ് ഇന്ത്യ തള്ളി. തിബത്തന്‍ ആത്മീയ നേതാവിന്‍െറ ഒരാഴ്ചത്തെ അരുണാചല്‍ സന്ദര്‍ശന പരിപാടി നേരത്തേ നിശ്ചയിച്ചതു പ്രകാരം നടക്കുമെന്ന് അന്നാട്ടുകാരന്‍കൂടിയായ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
ഏപ്രില്‍ നാലു മുതല്‍ 13 വരെയാണ് ദലൈലാമയുടെ സന്ദര്‍ശനം. ദലൈലാമ ഭക്തന്‍കൂടിയായ താന്‍ അദ്ദേഹത്തെ തവാങ്ങില്‍ കാണുമെന്നും കിരണ്‍ റിജിജു പറഞ്ഞു. ആത്മീയ നേതാവ് എന്ന നിലയിലാണ് ദലൈലാമ അരുണാചലില്‍ എത്തുന്നത്. അദ്ദേഹത്തെ തടയേണ്ട കാര്യമില്ല. ദലൈലാമ എത്തണമെന്നാണ് അദ്ദേഹത്തെ ആരാധിക്കുന്നവരുടെ ആഗ്രഹം. രാജ്യം ഭരിക്കുന്നത് ഒരു ദേശീയ പാര്‍ട്ടിയാണ്. ഇന്ത്യയുടെ താല്‍പര്യങ്ങളാണ് ബി.ജെ.പിയും സര്‍ക്കാറും ആദ്യം കണക്കിലെടുക്കുകയെന്നും ചൈനയുടെ എതിര്‍പ്പ് പരാമര്‍ശിച്ച് കിരണ്‍ റിജിജു പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ നിലപാട് ചൈനയുടെ നീരസം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കിയേക്കും. ഇന്ത്യ-ചൈന തര്‍ക്കങ്ങളുടെ കേന്ദ്രബിന്ദു അരുണാചല്‍ പ്രദേശാണ്. അവിടെ ഇടക്കിടെ കടന്നുകയറി ആധിപത്യം വിളംബരം ചെയ്യുന്നത് ചൈനയുടെ പതിവാണ്. ചൈനക്ക് അനഭിമതനായ ദലൈലാമയുടെ സന്ദര്‍ശനം, അരുണാചലിനു മേലുള്ള അവകാശവാദം മുറുക്കാന്‍ ചൈന അവസരമാക്കിയേക്കും. തെക്കന്‍ ചൈന കടലിലെ ചൈനയുടെ ആധിപത്യം തകര്‍ക്കുന്നതില്‍ അമേരിക്കന്‍ പക്ഷത്ത് ഇന്ത്യ നില്‍ക്കുന്നതില്‍ ചൈനക്ക് രോഷമുണ്ട്. ആണവദാതാക്കളായ രാജ്യങ്ങളുടെ കൂട്ടായ്മയിലും യു.എന്‍ രക്ഷാസമിതിയിലും ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിന് ചൈന ഇടങ്കോലിടുന്നത് ഇത്തരം സാഹചര്യങ്ങളുടെ തുടര്‍ച്ചയാണ്. ദലൈലാമയുടെ സന്ദര്‍ശനത്തിന് ഇന്ത്യ അനുമതി നല്‍കിയതിലുള്ള ഉത്കണ്ഠ ചൈനയുടെ വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്ങാണ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചത്. ഇന്ത്യ-ചൈന ബന്ധങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദലൈലാമയും ചൈനയുമായി ബന്ധപ്പെട്ട വിഷയത്തിന്‍െറ ഗൗരവം ഇന്ത്യക്ക് വ്യക്തമായറിയാം. എന്നിട്ടും സന്ദര്‍ശനം അനുവദിക്കുന്നത് അതിര്‍ത്തി സമാധാനത്തിനും സുസ്ഥിരതക്കും പരസ്പര ബന്ധത്തിനും ദോഷംചെയ്യുമെന്ന് വക്താവ് പറഞ്ഞു.

തിബത്തിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് ദലൈലാമ എത്തുന്ന തവാങ്. 1914ലെ കരാര്‍പ്രകാരമാണ് ഈ ഭാഗം ഇന്ത്യക്ക് കിട്ടിയത്. 2003ല്‍ അതിര്‍ത്തി തര്‍ക്കം ചര്‍ച്ചചെയ്യാന്‍ ഇന്ത്യയും ചൈനയും പ്രത്യേക പ്രതിനിധികളെ വെച്ചു. തവാങ് വിഷയത്തില്‍ ചൈനയുടെ ഉത്കണ്ഠ കണക്കിലെടുക്കുന്നുവെന്ന് ഇന്ത്യ അംഗീകരിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - dalailama visits arunachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.