ന്യൂഡൽഹി: ജെ.ഇ.ഇ, സി.യു.ഇ.ടി, യു.ജി.സി -നെറ്റ് എന്നീ പരീക്ഷകൾ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ(എൻ.ടി.എ)നടത്തിപ്പിലെ അവതാളത്തെ കുറിച്ച് പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഇത്തരം പരീക്ഷകളുടെ നടത്തിപ്പിൽ എൻ.ടി.എയുടെ പ്രകടനത്തെ കുറിച്ച് അവലോകനം ചെയ്യുന്ന റിപ്പോർട്ടാണിത്. ഈ പരീക്ഷകൾ വീണ്ടും പേന-പേപ്പർ മോഡിലേക്ക് നടത്തുന്നതിലൂടെ സുതാര്യത മെച്ചപ്പെടുത്താൻ സാധിക്കുമോ എന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നുണ്ട്.
കോൺഗ്രസ് എം.പി ദിഗ്‍വിജയ സിങ് അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റിയാണ് റിപ്പോർട്ട് കൈമാറിയത്. എൻ.ടി.എയുടെ സുരക്ഷ, ഭരണ നിർവഹണം, സാമ്പത്തിക പ്രവർത്തനം എന്നിവ വിലയിരുത്തുന്നതിനൊപ്പം പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ ശിപാർശ ചെയ്യുന്നതായും കമ്മിറ്റി പ്രസ്താവിച്ചു. ഭാവിയിൽ ചോദ്യപേപ്പർ ചോർച്ചകളടക്കം എങ്ങനെ തടയാമെന്നും ഇതിൽ പറയുന്നുണ്ട്. നിലവിൽ സി.ബി.എസ്.ഇയും യു.പി.എസ്.സിയും ഉപയോഗിക്കുന്ന രീതി അവലംബിക്കണമെന്നാണ് നിർദേശം. എൻ.ടി.എ അടുത്ത കാലങ്ങളിലായി നടത്തിയ നിരവധി പരീക്ഷകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
2024ൽ എൻ.ടി.എ 14 മത്സര പരീക്ഷകളാണ് നടത്തിയത്. ചുരുങ്ങിയ അഞ്ച് പേർക്കെങ്കിലും പ്രശ്നങ്ങൾ നേരിട്ടതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. യു.ജി.സി -നെറ്റ്, സി.എസ്.ഐ.ആർ-നെറ്റ്, നീറ്റ്-പി.ജി തുടങ്ങിയ പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യ പേപ്പറുകൾ ചോർന്നത് പരീക്ഷയുടെ നടത്തിപ്പിനെയും സുതാര്യതയെയും ബാധിച്ചു. അതുപോലെ സി.യു.ഇ.ടി(യു.ജി, പി.ജി)പരീക്ഷകളും മാറ്റിവെച്ചു.
പേന-പേപ്പർ, കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്(സി.ബി.ടി) ഫോർമാറ്റുകളെ കുറിച്ചും കമ്മിറ്റി വിശദമായി അവലോകനം ചെയ്തിട്ടുണ്ട്. പേന-പേപ്പർ പരീക്ഷകൾ പേപ്പർ ചോർച്ചക്ക് കൂടുതൽ സാധ്യത നൽകുന്നുവെന്നും രേഖപ്പെടുത്തി. എന്നാൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ വിവരങ്ങൾ ഹാക്ക് ചെയ്യാൻ കഴിയും. അത് കണ്ടെത്താൻ പോലും നമുക്ക് സാധിക്കില്ല. ഈ ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ പേന-പേപ്പർ മോഡിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കമ്മിറ്റി ശിപാർശ ചെയ്തു. കാരണം വർഷങ്ങളായി സി.ബി.എസ്.ഇ, യു.പി.എസ്.സി പരീക്ഷകൾ നടത്തുന്നത് ഈ രീതിയിലാണ്. ഇതുവരെ വലിയ പ്രശ്നങ്ങളൊന്നും നേരിട്ടിട്ടുമില്ല.
അതേസമയം, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാണ് നടത്തുന്നതെങ്കിൽ ഒരിക്കലും സ്വകാര്യ കേന്ദ്രങ്ങളിൽ നടത്തരുതെന്നും നിർദേശമുണ്ട്. സർക്കാർ അല്ലെങ്കിൽ സർക്കാർ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽ മാത്രമേ ഇത്തരം പരീക്ഷകൾനടത്താവൂ.
പേപ്പർ ക്രമീകരണം, ഭരണനിർവഹണം, തിരുത്തൽ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ വെണ്ടർമാരുടെ പ്രശ്നങ്ങൾ കമ്മിറ്റി ഉയർത്തിക്കാട്ടി. ചില സംഘടനകളോ സംസ്ഥാന സർക്കാരുകളോ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നിരവധി സ്ഥാപനങ്ങൾ മറ്റിടങ്ങളിൽ കരാറുകൾ നേടിയെടുക്കുന്നത് തുടരുകയാണെന്ന് അത് ചൂണ്ടിക്കാട്ടി. എൻ.ടി.എയുടെയോ സംസ്ഥാന സർക്കാരുകളുടെയോ ഏതെങ്കിലും പ്രവേശന പരീക്ഷയ്ക്ക് അത്തരം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനങ്ങളെ ഉൾപ്പെടുത്താൻ പാടില്ല എന്നും പാനൽ നിർദേശിച്ചു.
കമ്മിറ്റി മാറ്റം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സി.ബി.എസ്.ഇയും യു.പി.എസ്.സിയും ഉപയോഗിക്കുന്ന പേന-പേപ്പർ ഫോർമാറ്റുകൾ സ്വീകരിക്കുന്നതിന് അതിന്റെ ശുപാർശകൾ ശക്തമായി ഊന്നൽ നൽകുന്നു. ജെ.ഇ.ഇ മെയിൻ, സി.യു.ഇ.ടി, യു.ജി.സി നെറ്റ് തുടങ്ങിയ പ്രധാന എൻ.ടി.എ പരീക്ഷകൾ ഈ രീതിയിലേക്ക് മടങ്ങുമോ എന്നത് കമ്മിറ്റിയുടെ കണ്ടെത്തലുകളോടുള്ള സർക്കാരിന്റെ പ്രതികരണത്തെയും വരും മാസങ്ങളിൽ സ്വീകരിക്കുന്ന നടപ്പാക്കൽ നടപടികളെയും ആശ്രയിച്ചിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.