ജമ്മു: ബി.ജെ.പി എം.എൽ.എയുടെ ഇടപെടലും കുത്തിത്തിരിപ്പും ലോക്കൽ നേതാക്കൻമാരുടെ കടന്നുകയറ്റവും മൂലം ജമ്മു-കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറേണ്ടി വരുമെന്ന് ഹൈദ്രാബാദ് ആസ്ഥാനമാായി കരാർ ഏറ്റെടുത്ത കമ്പനി ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
ജമ്മു-കശ്മീരിലെ കിഷ്ത്വർ ജില്ലയിൽ വൻ പദ്ധതി ഏറ്റെടുത്ത മേഘ എൻജീനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് ബി.ജെ.പി എം.എൽ.എയുടെ അലമ്പാക്കൽ കാരണം വെട്ടിലായത്.
3700 കോടിയുടെ പദ്ധതി 2026 ൽ പൂർത്തീകരിക്കേണ്ടിയിരുന്നതാണ്. നിലവിൽ രണ്ടുവർഷം വൈകിയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ഹർപാൽ സിങ് പറയുന്നു. ബി.ജെ.പി എം.എൽ.എ ഷഗുൺ പരിഹാറും സംഘവുമാണ് പദ്ധതിക്ക് ഭീഷണിയായതെന്ന് അദ്ദേഹം ആരോപിച്ചു. 2022ൽ ഗവൺമെന്റുമായി കമ്പനി ഒപ്പിട്ട കരാർപ്രകാരമുള്ള ധാരണകൾ എല്ലാം തെറ്റുന്ന അവസ്ഥയാണ്. എം.എൽ.എയുടെ സഹായികളും മറ്റ് ലോക്കൽ പാർട്ടി പ്രവർത്തകരും തങ്ങൾക്ക് തലവേദനയായതായി ഇവർ പറയുന്നു.
2028 ൽ മാത്രമേ ഇങ്ങനെ പോയാൽ തങ്ങൾക്ക് പദ്ധതി പൂർത്തീകരിക്കാൻ കഴിയൂ എന്നും ഇനിയും ഇത്തരം പ്രവൃത്തി നടന്നാൽ വീണ്ടും വൈകുമെന്നും പിൻമാറേണ്ടി വന്നേക്കുമെന്നും ഇവർ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം തങ്ങളുടെ ആളുകളെ ജോലിക്കെടുക്കണം എന്ന് എം.എൽ.എ നിർബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇതെത്തുടർന്ന് തൊഴിലാളികളെ കൊണ്ടുപോകുന്ന വണ്ടികൾ തടയുകയും തൊഴിലാളികളെ മർദിക്കുകയും ചെയ്യുന്നു. ഇതിനെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതെത്തുടർന് കമ്പനിക്കെതിരെ നിരന്തരം ഭീഷണി ഉയർത്തുകയാണെന്നും ഇവർ പറയുന്നു.
തങ്ങൾ ജോലിക്കായി നിയമിച്ച 1434 ജോലിക്കാരിൽ 960 പേരും പദ്ധതി നടക്കുന്ന കിഷ്ത്വർ ജില്ലയിൽ നിന്നുള്ളവരാണ്. 220 പേർ തൊട്ടടുത്തുള്ള ദോഡ ജില്ലയിൽ നിന്നുള്ളവരും. ഇവരിൽ പകുതി പേർക്കും ജോലി അറിയില്ല.
തങ്ങൾ ചെയ്യുന്നത് അതിപ്രാധാന്യമുള്ള പദ്ധതിയാണെന്നും ഇത് രാഷ്ട്രീയ വിദ്വേഷത്തിൽ നിന്ന് മോചിതമായിരിക്കണമെന്നും കമ്പനി ഗവൺമെന്റിനെ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.