നിതിൻ നബിൻ

ബി.ജെ.പിയിൽ തലമുറമാറ്റം; പുതിയ ദേശീയ വർക്കിങ് പ്രസിഡന്റായി 45കാരൻ നിതിൻ നബിൻ

ന്യൂഡൽഹി: ബി.ജെ.പിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. നിലവിലെ അധ്യക്ഷൻ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് ബിഹാറിലെ പൊതുമരാമത്ത് മന്ത്രി കൂടിയായ നിതിൻ നബീന്‍ വർക്കിങ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്. ഞായറാഴ്ച ചേർന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡാണ് തീരുമാനമെടുത്തത്.

ബിഹാറിലെ പട്ന ബങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.​എയാണ് ഇദ്ദേഹം. കായസ്ഥ സമുദായ അംഗമായ നിതിൻ അന്തരിച്ച ബി.ജെ.പി. നേതാവും മുൻ എം.എൽ.എയുമായ നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ്.

പുതിയ വർക്കിങ് പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മികച്ച സംഘാടകനും എം.എൽ.എയും മന്ത്രിയുമെന്ന നിലയിൽ പ്രവർത്തന മികവും, യുവത്വയുമുള്ള നിതിൻ നബീന്റെ നിയമനം പാർട്ടിക്ക് കൂടുതൽ കരുത്തായി മാറുമെന്ന് പ്രധാനമന്ത്രി ‘എക്സ്’ സന്ദേശത്തിൽ കുറിച്ചു.

ദേശീയ തലത്തിൽ ബി.ജെ.പിയുടെ തലമുറമാറ്റത്തിന്റെ സൂചനയായാണ് 45കാരനായ നിതിൻ നബീന്റെ നിയമനത്തെ വിശേഷിപ്പിക്കുന്നത്.

1980ൽ ജാർഖണ്ഡിലെ റാഞ്ചിയിൽ ജനിച്ച നിതിൻ, പിതാവിന്റെ മരണത്തെ തുടർന്ന് 2006ലാണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിൽ പട്ന വെസ്റ്റിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള അഞ്ചു തെരഞ്ഞെടുപ്പുകളിലും എം.എൽ.എയായി. 2021ലാണ് ആദ്യമായി മന്ത്രിയാവുന്നത്. പുതിയ നിതീഷ് കുമാർ സർക്കാറിലും റോഡ് നിർമാണ, നഗര വികസന മന്ത്രിയായി സ്ഥാനമേറ്റു.

യുവനേതാവിനെ ദേശീയ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി ഉയർത്തിയാണ് ബി.ജെ.പി നേതൃതലത്തിലെ തലമുറമാറ്റത്തിന് തുടക്കം കുറിക്കുന്നത്. ഹിമാചൽ പ്രദേശുകാരനായ ജെ.പി നദ്ദ 2019ലാണ് അമിത് ഷായുടെ പിൻഗാമിയായി ബി.ജെ.പി ദേശീയ നേതൃ പദവിയിലെത്തുന്നത്. 

Tags:    
News Summary - Bihar minister Nitin Nabin appointed BJP's National Working President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.