ചിലപ്പോഴൊക്കെ ബോറടിക്കും, എന്നാൽ വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ സന്തോഷം മറ്റൊന്നിനും നൽകാൻ കഴിയില്ല; യു.എസിലെ ജോലി ഒഴിവാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ടെക്കി യുവാവിന്റെ പോസ്റ്റ്

100 കോടി രൂപയുടെ ആസ്തി സ്വന്തമാക്കിയതിന് ശേഷം യു.എസിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ യുവാവ് നാട്ടിലേക്ക് മടങ്ങിവന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ നെറ്റിസൺസിന്റെ സംസാര വിഷയം. യു.എസിലെ നല്ല ശമ്പളമുള്ള ജോലി ഒഴിവാക്കിയാണ് യുവാവ് മടങ്ങിവന്നത്. യു.എസിലെ ജോലിയെകുറിച്ചും നാട്ടിലെത്തിയതിനു ശേഷമുള്ള അവസ്ഥയെ കുറിച്ചുമാണ് യുവാവിന്റെ പോസ്റ്റ്.

ഒരു മിഡിൽക്ലാസ് കുടുംബത്തിൽ നിന്ന് വന്ന് ഒരു സർവീസ് കമ്പനിയിൽ തുടങ്ങി കോർ ടെക്കിലേക്ക് മാറി പിന്നീട് യുഎസിലേക്ക് പോയി. അവിടെ നിന്ന് വലിയ സമ്പാദ്യവുമായി നാട്ടിലേക്ക് തന്നെ മടങ്ങിയെത്തുകയും ചെയ്തു. താൻ ജീവിതത്തിൽ ഒരിക്കലും കാണുമെന്ന് പോലും പ്രതീക്ഷിച്ചിട്ടാത്ത ഒരു സംഖ്യയാണ് കൈയിലുള്ളതെന്നും യുവാവ് കുറിച്ചു.

ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷം യുവാവ് പിന്നെ ജോലിക്കൊന്നും പോയില്ല. ജോലിയൊന്നുമില്ലാതെ ഇരിക്കുന്നത് ഒരു തരത്തിൽ വലിയ സ്വാതന്ത്ര്യം തരുന്നതാണ്. എന്നാൽ വെല്ലുവിളി നിറഞ്ഞതുമാണ്. കുടുംബത്തിനൊപ്പമാണ് ദിവസത്തിന്റെ കൂടുതൽ സമയവും. മൂന്നുമണിക്കൂർ സമയം ജിമ്മിനും സ്​പോർട്സ് ആക്റ്റിവിറ്റീസിനുമായി മാറ്റിവെച്ചിരിക്കുന്നു. ബാക്കിയുള്ള സമയം ടി.വി സീരിയലുകൾ കാണാനും കുട്ടികൾക്കും ഭാര്യക്കുമൊപ്പവും ചെലവഴിക്കുന്നു.

പുറംലോകവുമായുള്ള ബന്ധം നന്നേ കുറവാണ്. വീട്ടുജോലിക്കാരും ജിം കോച്ചും എല്ലാം വിരൽതുമ്പിൽ. അങ്ങനെ ജീവിതം വലിയ പ്രതിസന്ധിയില്ലാതെ സൗകര്യപ്രദമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്.

തന്റെ ഇപ്പോഴത്തെ ദിനചര്യയിലേക്ക് മാറുന്നതിനു മുമ്പ് ക്ലാസിക് ടി.വി ഷോകളും സിനിമകളും കണ്ട് ഇഷ്ടപ്പെട്ട വീഡിയോ ഗെയിമുകൾ കളിച്ചും ഏഷ്യയിലും യൂറോപ്പിലും വ്യാപകമായി സഞ്ചരിച്ചുമാണ് ആ മനുഷ്യൻ സമയം ചെലവഴിച്ചിരുന്നത്. ദീർഘദൂര ബൈക്കിങ്ങും ഹൈക്കിങും നടത്തി. പലപ്പോഴും ലോകത്തിന്റെ തിരക്കുകളിൽ നിന്ന് അകന്നുനിൽക്കാനും ജീവിതത്തിന്റെ വേഗത കുറക്കാനും തീരുമാനിച്ചു. എന്നാൽ ഇപ്പോഴത്തെ ജീവിതശൈലിയുടെ സുഖസൗകര്യങ്ങൾ അപ്രതീക്ഷിതമായ ഒരു ശൂന്യതാബോധം കൊണ്ടുവന്നിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിൽ ടെക് ജോലിയിലേക്ക് വീണ്ടും മടങ്ങണം എന്ന ചിന്ത സ്വപ്നത്തിൽ പോലുമില്ല.

''ഇപ്പോൾ ചിലസമയത്ത് എനിക്ക് ബോറടിക്കാറുണ്ട്. എന്നാൽ ഒരു ടെക് കമ്പനിയിൽ ജോലി ചെയ്യുന്നതിനെ കുറിച്ച് സങ്കൽപിക്കാൻ പോലും പറ്റില്ല. എനിക്കുവേണ്ടിയും കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കുമ്പോൾ കിട്ടുന്ന സന്തോഷം മറ്റേതൊരു പ്രമോഷനുകൾക്കും പദവികൾക്കും വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ ഞാൻ തയാറാണ്''-യുവാവ് കൂട്ടിച്ചേർത്തു. നിരവധി ആളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. നേരത്തേ വലിയ സമ്പാദ്യമുണ്ടാക്കി കരിയർ റിട്ടയർമെന്റ് പ്രഖ്യാപിച്ചതിനെയും പലരും യുവാവിനെ അഭിനന്ദിച്ചു.    

Tags:    
News Summary - NRI With Rs 100 Crore Net Worth Returns To India, Reflects On Post-Retirement Life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.