തിരുവണ്ണാമലൈ: തമിഴ്നാട്ടിൽ അടുത്ത സർക്കാർ രുപീകരിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദം തള്ളി എം.കെ സ്റ്റാലിൻ. സംഘിപ്പട മുഴുവനായും വന്നാലും ഇവിടെ ഒന്നും ചെയ്യാനാവില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. ഡി.എം.കെയുടെ യൂത്ത് വിങ് തിരുവണ്ണാമലൈയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
ഇത് തമിഴ്നാടാണ്. ഞങ്ങളുടെ സ്വഭാവം നിങ്ങൾക്ക് അറിയില്ല. സ്നേഹത്തോടെ വന്നാൽ അതേ പെരുമാറ്റം തിരിച്ചുമുണ്ടാകും. എന്നാൽ അഹങ്കാരത്തിന് മുന്നിൽ തലകുനിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ബി.ജെ.പിയുടെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിനെ ഫലപ്രദമായ പ്രതിരോധമൊരുക്കുന്നത് ഡി.എം.കെ മാത്രമാണെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഡി.എം.കെ യൂത്ത്‍വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ ഇപ്പോൾ കൂടുതൽ കരുത്തുറ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു. സ്വന്തം ഉത്തരവാദിത്തങ്ങളെ കുറിച്ച് ഉദയനിധിക്ക് കൃത്യമായ ധാരണയുണ്ട്. അപകടകാരിയാണ് ഉദയനിധിയെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്നാടിനെ 50 വർഷം മുന്നിലേക്ക് നയിക്കണോ അതോ പിന്നിലേക്ക് നയിക്കണോയെന്നാണ് വോട്ടർമാർക്ക് മുന്നിലുള്ള ചോദ്യമെന്നും സ്റ്റാലിൻ പറഞ്ഞു. സംഘികളെ ഇതുവരെ തമിഴ്നാട്ടിൽ കാലുകുത്താൻ പോലും അനുവദിച്ചിട്ടില്ല. ഇനിയും അതേസമീപനം തന്നെ തുടരുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രിയും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.