തിഹാർ ജയിലിലെ കാഴ്ച
ഡൽഹി: തിഹാർ ജയിൽ ഡൽഹി നഗരത്തിൽ നിന്ന് മാറ്റി നഗരപ്രാന്തത്തിലേക്ക് മാറ്റാൻ ഗവൺമെന്റ് ആലോചിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ജയിലിലെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെയും ഇവിടത്തെ ജനബാഹുല്യം ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സൊസൈറ്റി ഓഫ് ഇന്ത്യൻ ലോ ഫേംസിന്റെ 25ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 10,26 പേർക്ക് മാത്രം കഴിയാനുള്ള സൗകര്യങ്ങൾ മാത്രമുള്ള തിഹാർ ജയിലിൽ ഇന്നുള്ളത് 19,500 അന്തേവാസികളാണ്.
ഭരണത്തിലെ നിർണായകമായ കാര്യമാണ് നിയമപരിരക്ഷ എല്ലാവർക്കും നൽകുക എന്നതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത എടുത്തു പറഞ്ഞു. ജുഡീഷ്യൽ അനുബന്ധ വികസനം വർധിപ്പിക്കുന്നതിനായി ഗവൺമെന്റ് പദ്ധതി തയ്യാറാക്കുകയാണെന്നും അവർ പറഞ്ഞു. നിതി ലഭ്യമാക്കുന്നത് വ്യാപിപ്പിക്കാൻ കോടതികളുടെ ഫാസ്റ്റ് ട്രാക്ക് സംവിധാനം വർധിപ്പിക്കുമെന്നും അവർ പറഞ്ഞു.
നീതിനർവഹണം കാര്യക്ഷമമായി നടപ്പാക്കാതെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ സാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനായാണ് കൂടുതൽ കോടതി മുറികളും കോടതി സമുച്ഛയങ്ങളും നിർമിക്കുന്നതിന് ഗവൺമെന്റ് പ്രാമുഖ്യം നൽകുന്നത്. അതിനായിട്ടാണ് തിഹാർ ജയിൽ ദൂരേക്ക് മാറ്റുന്നതും കൂടുതൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ നിർമിക്കുന്നതെന്നും അവർ പറഞ്ഞു.
കോടതികളുടെ അധികഭാരം ഒഴിവാക്കാനായി തർക്കങ്ങൾ കോടതിയിൽ എത്തുന്നതിന് മുമ്പ് പരിഹരിക്കുന്ന സൊസൈറ്റി ഓഫ് ഇന്ത്യൻ ലോ ഫേംസ് മീഡിയേഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേഖ ഗുപ്ത.
നീതി ലഭിക്കുന്നത് ജനജീവിതത്തിന്റെ നിലവാരം ഉയർത്തുമെന്നും അതിനാലാണ് നീതി ലഭ്യമാക്കുന്ന കാര്യത്തിന് ഡൽഹി ഗവൺമെന്റ് പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം രാജ്യത്ത് നിലവിലുണ്ടായിരുന്ന കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങൾ പരിഷ്‍കരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.