ലഖ്നോ: യു.പിയിലെ എസ്.ഐ.ആർ പട്ടികയിൽ നാല് കോടി വോട്ടർമാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിൽ ഭൂരിപക്ഷവും ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരാണെന്നും ആദിത്യനാഥ് അവകാശപ്പെട്ടു. പുതിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ ജോലി എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാതിരുന്നവരെ കണ്ടെത്തുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബൂത്തുകളിൽ എല്ലാ വോട്ടർമാരിലേക്കും എത്തി അടുത്ത 12 ദിവസത്തിനുള്ളിൽ ഇവരെയെല്ലാം എസ്.ഐ.ആർ പട്ടികയുടെ ഭാഗമാക്കണം. 25 കോടിയാണ് യു.പിയിലെ ആകെ ജനസംഖ്യ. ഇതിൽ 16 കോടി പേർക്കാവും വോട്ടവകാശമുണ്ടാവുക. എന്നാൽ, എസ്.ഐ.ആറിൽ 12 കോടി പേരെ മാത്രമേ ചേർത്തിട്ടുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ബൂത്തുകളിലാണ് നടക്കുന്നത്. വ്യാജ വോട്ടുകൾക്കെതിരെ എതിർപ്പറിയിക്കാനുള്ള അവസരം, വോട്ടർപട്ടികയിൽ പുതിയ പേര് ചേർക്കാനുള്ളഅവസരം എന്നിവ ഇപ്പോൾ ലഭിക്കും. കഠിനാധ്വാനം ചെയ്താൽ തെരഞ്ഞെടുപ്പിലെ വലിയൊരു ജോലി ഇപ്പോൾ തന്നെ പൂർത്തിയാക്കാം. ബംഗ്ലാദേശിൽ നിന്നുള്ളവരെ പ്രതിപക്ഷ പാർട്ടികൾ വോട്ടർ പട്ടികയിൽ ചേർക്കുന്നുണ്ട്. ഇവരെ ഒഴിവാക്കാനും എസ്.ഐ.ആർ ഉപയോഗപ്പെടുത്താമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫിസറുടെ അഭ്യർഥന മാനിച്ച് എസ്.ഐ.ആർ ഫോമുകൾ നൽകുന്നതിനുള്ള സമയപരിധി യു.പിയിൽ 15 ദിവസം കൂടി നീട്ടി നൽകിയിരുന്നു. അയോധ്യ, വാരാണസി, മഥുര എന്നിവിടങ്ങളിൽ സന്യാസിമാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതില്‍ തടസ്സമുണ്ടായതോടെയാണ് ബി.ജെ.പിക്ക് അനുകൂലമായി എസ്.ഐ.ആറിന്റെ സമയപരിധി രണ്ടാഴ്ചയിലധികം നീട്ടിയതെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് യോഗിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.