ന്യൂഡൽഹി: മക്കളുടെ സന്തോഷത്തിന് വേണ്ടി മാതാപിതാക്കൾ ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു പരിധിയുമില്ല. മകൾക്ക് പുത്തനുടുപ്പ് വാങ്ങിക്കൊടുക്കാനായി പണം മിച്ചംവെച്ച പിതാവിന് അത് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞാൽ ഇത്രയധികം സന്തോഷമുണ്ടാകുമെന്ന് ഇന്ന് നമുക്ക് സങ്കൽപിക്കാൻ പോലുമാകില്ല. ഇപ്പോൾ ഫേസ്ബുക്കിലൂടെ വൈറലായിരിക്കുന്നതും അത്തരത്തിലുള്ള ഒരു കഥയാണ്. മകൾക്ക് ഒരു പുത്തനുടുപ്പ് വാങ്ങാൻ രണ്ടു വർഷം കാത്തിരുന്ന ഒരു പിതാവിന്‍റെ കഥ. മകളെ പുത്തനുടുപ്പണയിച്ച് പാർക്കിലെത്തിയ പിതാവ് കവസാർ ഹുസൈന്‍റെയും മകൾ സുമയ്യയുടേയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പുത്തനുടുപ്പ് വാങ്ങിയ കഥ ഹുസൈൻ തന്നെ പറയുന്നു- വസ്ത്രം വാങ്ങി വിലയായി അഞ്ച് രൂപയുടെ മുഷിഞ്ഞ കുറേ നോട്ടുകൾ കടയുടമക്ക് നൽകിയപ്പോൾ അയാൾ പുച്ഛത്തോടെ എന്നോട് ചോദിച്ചു. താനെന്താ പിച്ചക്കാരനാണോ എന്ന്? ഇതുകേട്ട് എന്‍റെ കൈ പിടിച്ച മകൾ കരഞ്ഞുകൊണ്ട് കടയുടെ പുറത്തേക്കോടി. 'എനിക്ക് ഉടുപ്പൊന്നും വേണ്ട' എന്ന് പറഞ്ഞ് കരഞ്ഞ അവളുടെ കണ്ണുനീർ എന്‍റെ അവശേഷിക്കുന്ന ഒറ്റക്കൈ കൊണ്ട് ഞാൻ തുടച്ചുകൊടുത്തു. അതെ ഞാനൊരു യാചകനാണ്- ഒരു അപകടത്തിൽ കൈ നഷ്ടപ്പെട്ട ഹുസൈൻ പറഞ്ഞു.
പത്ത് വർഷം മുമ്പ് ഒരു ദുസ്വപ്നത്തിൽ പോലും ഭിക്ഷ യാചിക്കുന്നതിനെക്കുറിച്ച് ഹുസൈന് ഓർക്കാനാവുമായിരുന്നില്ല. 'ഒരു കൈ ഉപയോഗിച്ച എല്ലാ ജോലികളും ചെയ്യേണ്ടി വരുന്നതിന്‍റെ ബുദ്ധിമുട്ട് തനിക്കറിയാമെന്ന് പറഞ്ഞുകൊണ്ട് എല്ലാദിവസവും മകൾ സുമയ്യ ഭക്ഷണം വായിൽ വെച്ചു തരികയാണ് ചെയ്യാറുള്ളത്.' ഹുസൈൻ പറഞ്ഞു.
'എന്‍റെ മകളുടെ കൺമുന്നിൽ വെച്ച് അവശേഷിക്കുന്ന ഒരു കൈ മറ്റുള്ളവരുടെ മുന്നിലേക്ക് നീട്ടുമ്പോൾ എനിക്ക് സ്വയം അവജ്ഞ തോന്നാറുണ്ട്. എങ്കിലും അവൾ എന്നെ ഒരിക്കലും തനിച്ചാക്കാറില്ല. എല്ലായ്പോഴും നിഴൽ പോലെ അവൾ കൂടെയുണ്ടാകും.
എന്‍റെ ഭാര്യയെ അറിയിക്കാതെ അയല്‍വാസിയുടെ മൊബൈലും കൊണ്ടാണ് ഞാനിന്നിവിടെ എത്തിയത്. എന്‍റെ മകളുടേതായി ഒരു ചിത്രം പോലുമില്ല. ഒരിക്കല്‍ എനിക്ക് ഫോണ്‍ കിട്ടിയാല്‍ എന്‍റെ മക്കളുടെ ഒത്തിരി ചിത്രങ്ങള്‍ ഞാനെടുക്കും. ഇന്ന് ഞാനൊരു യാചകനല്ല. കാരണം ഇന്നെന്‍റെ മകള്‍ ഏറെ സന്തോഷവതിയാണ്.' ഹുസൈൻ പറഞ്ഞു.
ഫോട്ടോ ജേണലിസ്റ്റ് ആയ എം.ബി. ആകാശ് ആണ് ഹുസൈന്‍റെ സന്തോഷവും ജീവിതവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഏപ്രിൽ അഞ്ചിന് പോസ്റ്റ് ചെയ്ത ചിത്രം ആയിരക്കണക്കിന് പേർ ഷെയർ ചെയ്തുകഴിഞ്ഞു. ഇന്നീ അച്ഛന്‍ പിച്ചക്കാരനല്ല. ഇന്നീ അച്ഛന്‍ രാജാവാണ് ഈ മകള്‍ രാജകുമാരിയും- ഇങ്ങനെ 45000 പേരാണ് പ്രതികരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.