അമലാപുരം: മോൻത ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ആന്ധ്രയിൽ കനത്ത ജാഗ്രത. ഡോ. ബി.ആർ. അംബേദ്കർ കൊനസീമ ജില്ലയിൽ 10,000 പേരെ മാറ്റിപ്പാർപ്പിച്ചു. 120 ദുരിതാശ്വാസ ക്യാമ്പുകൾ ജില്ലയിൽ വിവിധയിടങ്ങളിലായി തുറന്നു. മേഖലയിൽ പ്രസവം കാത്തുകഴിയുന്ന 120 ഗർഭിണികളെ ആശുപത്രികളിലേക്ക് മാറ്റി. ഇവരെ ചുഴലിക്കാറ്റ് ശമിക്കുന്നതുവരെ സുരക്ഷിതമായി ആശുപത്രികളിൽ പാർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സമുദ്രമേഖലയോട് ചേർന്നുകിടക്കുന്ന സംസ്ഥാന പാതകളിലെ 400 കിലോമീറ്ററും, ദേശീയപാത 216ൽ കടൽതീരത്തിന് സമീപമുള്ള 40 കിലോമീറ്ററും ദൂരത്തിൽ ഉയർത്തി സ്ഥാപിച്ചിരുന്ന പരസ്യബോർഡുകളും ഹോർഡിങുകളും നീക്കിയതായി അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് മുന്നിൽ കണ്ടാണ് നടപടി.
പടിഞ്ഞാറൻ ഗോദാവരി ജില്ലയിലും കനത്ത ജാഗ്രത തുടരുകയാണ്. മേഖലയിൽ ഗോദാവരി ജലം തുറന്നുവിടുന്നത് താത്കാലികമായി നിറുത്തിയിട്ടുണ്ട്. നർസാപുരം കടൽത്തീരത്ത് ജാഗ്രത തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ 16 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോൻത’ ചുഴലിക്കാറ്റ് നാളെ കരയിൽ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 28ന് വൈകുന്നേരത്തോടെ ആന്ധ്രാ പ്രദേശിലെ മാച്ചിലിപട്ടണത്തിനും കാക്കിനാടക്കും ഇടയിൽ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോൻത ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ വ്യാപക മഴക്കും മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത നിർദ്ദേശം തുടരുകയാണ്. മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഒഡീഷയിലെ എട്ട് ജില്ലകളെ ‘റെഡ് സോൺ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.