നർമ്മദയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞു; നാല് മരണം, നിരവധി പേരെ കാണാതായി

മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബാർഗി അണക്കെട്ടിന് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും ക്രൂയിസ് ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. നാൽപതോളം യാത്രക്കാരുമായി ഖമാരിയ തപു ഭാഗത്തേക്ക് നീങ്ങുകയായിരുന്ന ബോട്ട് പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് നിയന്ത്രണം വിട്ട് നദിയിൽ മുങ്ങുകയായിരുന്നു.

ഇതുവരെ 18 പേരെ സുരക്ഷിതമായി കരക്കടുപ്പിക്കാൻ സാധിച്ചു. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് പലരുടെയും ജീവൻ രക്ഷിക്കാനായത്. എന്നാൽ 15 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും വെളിച്ചക്കുറവും രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ടോർച്ചുകളും മോട്ടോർ ബോട്ടുകളും ഉപയോഗിച്ച് രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.

സംഭവത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി രാകേഷ് സിങ് സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണോ ബോട്ട് യാത്ര നടത്തിയത് എന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ കാണാതായവർക്കായുള്ള തിരച്ചിലിനാണ് മുൻഗണനയെന്നും അതിനുശേഷം സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ലൈഫ് ജാക്കറ്റുകളുടെ ലഭ്യത ബോട്ടിലെ യാത്രക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ജില്ലാ ഭരണകൂടം പരിശോധിച്ചുവരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് എല്ലാവിധ പിന്തുണയും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. 

Tags:    
News Summary - Cruise boat capsizes in Narmada; four dead, several missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.