ന്യൂഡൽഹി: ആഗോള പട്ടിണിസൂചികയെ പരിഹസിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ഇന്ത്യയിലെ 140 കോടി ജനങ്ങളിൽനിന്ന് 3000 പേരെ ഫോണിൽ വിളിച്ച് നിങ്ങൾക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാണ് ഇത്തരം സൂചികയുണ്ടാക്കുന്നത് എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. 'വീട്ടിൽനിന്ന് രാവിലെ നാലിന് പുറപ്പെട്ട് അഞ്ച് മണിക്കുള്ള വിമാനത്തിൽ കൊച്ചിയിൽ ഒരു കോൺക്ലേവിൽ പങ്കെടുക്കാൻ പോവുകയും പത്ത് മണിയായിട്ടും ഭക്ഷണമൊന്നും കിട്ടാതിരിക്കുകയും ചെയ്തസമയത്ത് ആരെങ്കിലും ഫോണിൽ വിളിച്ച് താങ്കൾക്ക് വിശക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ട് എന്നേ ഞാൻ പറയൂ' എന്നുമായിരുന്നു സ്മൃതി ഇറാനി നടത്തിയ പരാമർശം. ആഗോള പട്ടിണിസൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യ 111ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.
വിവേചനമില്ലായ്മയും അറിവില്ലായ്മയും സമ്മേളിക്കുന്നതാണ് ഇറാനിയുടെ പ്രസ്താവനയെന്ന കോൺഗ്രസ് പരിഹസിച്ചു. വനിതാ ശിശുക്ഷേമ മന്ത്രിയിൽനിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായത് അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായി. പോഷകാഹാരക്കുറവും ശിശുമരണനിരക്കും പോലുള്ള സൂചകങ്ങൾ വെച്ചാണ് ആഗോള പട്ടിണിസൂചികകൾ പോലുള്ള വാർഷിക റിപ്പോർട്ടുകൾ തയാറാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യത്തിലേക്കുള്ള അളവുകോലുകളാണ് ഇത്തരം സൂചികകളെന്നും കോൺഗ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.