ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുത്തനെ വർധിച്ചതായി നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ(എൻ.സി.ആർ.ബി). 2021 നെ അപേക്ഷിച്ച് 2022ൽ കുറ്റകൃത്യങ്ങളുടെ നിരക്കിൽ നാലുശതമാനം വർധനവാണുണ്ടായത്. 2021ൽ 4,45,256 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾ, കുട്ടികൾ,പട്ടിക ജാതി/വർഗ വിഭാഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം എൻ.സി.ആർ.ബി പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഇന്ത്യയിൽ സ്ത്രീകൾ ഏറ്റവും സുരക്ഷിതമല്ലാത്ത നഗരമാണ് ഡൽഹിയെന്ന് മനസിലാക്കാം. 2022ൽ പ്രതിദിനം മൂന്ന് ബലാത്സംഗക്കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കുറ്റകൃത്യങ്ങളുടെ നിരക്കിൽ സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഉത്തർപ്രദേശാണ് ഏറ്റവും മുന്നിൽ. നഗരങ്ങളിൽ ഡൽഹിയും.
2022ൽ യു.പിയിൽ 65,743 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയാണ്(45,331)തൊട്ടുപിന്നിൽ. 45,058കേസുകൾ രജിസ്റ്റർ ചെയ്ത രാജസ്ഥാനാണ് മൂന്നാംസ്ഥാനത്ത്.
2022ൽ ഏറ്റവും കൂടുതൽ ബലാത്സംഗക്കേസുകൾ റിപ്പോർട്ട് ചെയ്തത് രാജസ്ഥാനിലാണ്(5399). 3,690 കേസുൾ രജിസ്റ്റർ ചെയ്ത യു.പിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാംസ്ഥാനത്തുള്ള മധ്യപ്രദേശിൽ 3,029 കേസുകളാണ് രജിസ്റ്റർചെയ്തത്.മഹാരാഷ്ട്രയിൽ 2,904ഉം ഹരിയാനയിൽ 1787 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യങ്ങൾ 2022ൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തതും യു.പിയിലാണ്(62). അത്തരത്തിലുള്ള 41 കേസുകൾ റിപ്പോർട്ട് ചെയ്ത മധ്യപ്രദേശാണ് തൊട്ടുപിന്നിൽ. ഡൽഹിയിൽ കഴിഞ്ഞ വർഷം 1204 ബലാത്സക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
2022ൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത 48,755 കേസുകളും 19 മെട്രോപൊളിറ്റൻ നഗരങ്ങളിലാണ്. 2021 നെ അപേക്ഷിച്ച് 12.3 ശതമാനം വർധനവാണിതിൽ കാണിക്കുന്നത്. ഭർത്താവിൽ നിന്നോ ഭർതൃ ബന്ധുക്കളിൽ നിന്നോ ഉള്ള പീഡനങ്ങളാണ് ഈ കേസുകളിൽ കൂടുതലും(31.4ശതമാനം). കണക്കിൽ 19.2 ശതമാനം സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളാണ്. 18.7 ശതമാനം സ്ത്രീകൾക്കെതിരായ കൈയേറ്റവും 7.1 ശതമാനം ബലാത്സംഗക്കേസുകളുമാണ്.
കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മഹാരാഷ്ട്രയാണ് ഒന്നാമത്. മധ്യപ്രദേശും ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.