സുപ്രീം കോടതി

എ.കെ.ജി സെൻറർ തർക്ക ഭൂമിയിൽ അല്ലെന്ന് സി.പി.എം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: തിരുവനന്തപുരത്ത് 30 കോടിയോളം ചെലവഴിച്ച് ഒമ്പതു നിലയിൽ പുതിയ എ.കെ.ജി സെന്റര്‍ പണിതത് തർക്ക ഭൂമിയിലല്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.

32 സെന്റ് ഭൂമിയുടെ യഥാർഥ അവകാശിയാണെന്ന് കാണിച്ച് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞ ഇന്ദു സമർപ്പിച്ച ഹരജിയിൽ മറുപടിയായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വാദമുന്നയിച്ചത്. തന്റെയും മുത്തച്ഛന്റെയും ഉടമസ്ഥതയിലുള്ളതും ഭൂമിയെ ചൊല്ലി ബാങ്കുമായി തർക്കമുള്ളതാണെന്ന് തങ്ങൾ അറിയിച്ച ശേഷമാണ് സി.പി.എം ഈ ഭൂമി ഇടപാട് നടത്തിയതെന്നാണ് ഇന്ദു സുപ്രീംകോടതിയിൽ ബോധിപ്പിച്ചത്.

ഭൂമി ഇടപാട് നിയമപരവും സാധുവും ആണെന്നും ഭൂമിയുടെ യഥാർഥ ഉടമ താനാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇന്ദു ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി.

സി.പി.എം 2021ൽ ഈ ഭൂമി വാങ്ങുമ്പോൾ ഇതുമായി ബന്ധപ്പെട്ട നിയമപരമായ ഒരു കേസും നിലവിൽ ഇല്ലായിരുന്നു. അതിനാൽ ഇന്ദുവിന്റെ ഹരജി തള്ളണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. പുതിയ എ.കെ.ജി സെന്റര്‍ സ്ഥിതിചെയ്യുന്ന 32 സെന്റ് ഭൂമിയുടെ ആദ്യ ഉടമ പോത്തന്‍ കുടുംബാംഗങ്ങള്‍ ആയിരുന്നുവെന്നും അവര്‍ ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനില്‍നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നുവെന്നും ജപ്തി നടപടികൾ നടക്കുന്നതിനിടയിലാണ് ഇന്ദു ഭൂമി വാങ്ങിയതെന്നുമാണ് സി.പി.എമ്മിന്റെ വാദം.

എന്നാൽ, 1998 ൽ താനും മുത്തച്ഛൻ പി. ജനാർദനൻ പിള്ളയും ചേർന്ന് വാങ്ങിയ 32 സെന്റ്‌ ഭൂമി തിരുവനന്തപുരത്തെ കോടതി ലേലം ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഇന്ദുവിന്റെ വാദം.

Tags:    
News Summary - CPM tells Supreme Court that AKG Center is not on disputed land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.