ന്യൂഡൽഹി: ഇസ്രയേൽ കൊന്നൊടുക്കുന്ന ഫലസ്തീനിലെ മനുഷ്യർക്ക് വേണ്ടി ലോക വ്യാപകമായി നടക്കുന്ന ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളായി സി.പി.എമ്മും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ ബേബിയാണ് 'സൈലൻസ് ഫോർ ഗസ്സ' പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചത്.
രാത്രി ഒൻപത് മുതൽ 9.30 വരെ ഒരാഴ്ച ഡിജിറ്റൽ നിശബ്ദത ആചരിക്കാനാണ് തീരുമാനം. ഫോണുകളും ലാപ്ടോപ്പുകളും മറ്റ് ഡിജിറ്റൽ സംവിധാനങ്ങളും ഓഫ് ചെയ്തുവെക്കണമെന്നും ഫലസ്തീനിൽ നടക്കുന്ന മഹാപാതകങ്ങളോട് ലോകത്ത് ധാരാളം മനുഷ്യർ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ട് എന്ന സന്ദേശം ഡിജിറ്റൽ കാലഘട്ടത്തിലെ സത്യഗ്രഹത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘സൈലൻസ് ഫോർ ഗസ്സ’ എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റൽ കാമ്പെയ്‌ൻ ആണിത്. ഇതൊരു പ്രതിരോധ പ്രവർത്തനമാണെന്നും ആഗോള ഡിജിറ്റൽ പ്രതിഷേധമണെന്നും ഇതുവരെയുള്ള ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാക്കിക്കൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയർത്തിക്കാണിക്കാൻ ലളിതവും ഫലപ്രദവുമായ മാർഗമാണെന്നും ഇതിന്റെ പിന്നിലുള്ള കാമ്പയ്ൻ പ്രചാരകർ വ്യക്തമാക്കുന്നു. ഈ കൂട്ടായ പ്രവർത്തനത്തിലൂടെ അൽഗോരിതങ്ങൾക്ക് ശക്തമായ ഒരു ഡിജിറ്റൽ സിഗ്നൽ അയക്കുകയും ഗസ്സയോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യും.
1. അൽഗോരിത ആഘാതം
സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ സ്ഥിരമായ ഉപയോക്തൃ പ്രവർത്തനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ സിസ്റ്റം പ്രവർത്തിപ്പിക്കുന്നത് ഉപയോക്താക്കൾ അഥവാ യൂസർമാരാണ്. ഒരു ചെറിയ സമയത്തേക്ക് പോലും പ്രവർത്തനത്തിലെ പെട്ടെന്നുള്ള സമന്വയക്കുറവ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അവ ഇങ്ങനെയായിരിക്കും.
ദൃശ്യപരമായ അൽഗോരിതങ്ങളെ തടസ്സപ്പെടുത്തും. തത്സമയ ട്രാഫിക് സ്ഥിതിവിവരക്കണക്കുകളെ ബാധിക്കും. അസാധാരണമായ ഉപയോക്തൃ പെരുമാറ്റത്തെക്കുറിച്ച് സെർവറുകളിലേക്ക് സാങ്കേതികമായ സിഗ്നൽ അയക്കും.
2. പ്രതീകാത്മക ആഘാതം
ഹൈപ്പർ കണക്റ്റഡ് ആയ ലോകത്ത് ഡിജിറ്റൽ നിശബ്ദത ഒരു ശക്തമായ പ്രസ്താവനയാണ്. സോഷ്യൽ മീഡിയയുടെ ശബ്ദവും ഗസ്സയിലെ നിർബന്ധിത നിശബ്ദതയും തമ്മിലുള്ള ഒരു വലിയ വ്യത്യാസത്തെ ഇത് ഉയർത്തിക്കാണിക്കും.
3. സാമൂഹിക ആഘാതം
കാനമ്പയ്ൻ വ്യാപകമായാൽ പൗരന്മാർ ഗസ്സയിലെ കുറ്റകൃത്യങ്ങൾ നിരസിക്കുന്നുവെന്നത് അതതു രാഷ്രടത്തലവൻമാർക്കുമേൽ സമ്മർദമേറ്റും. അങ്ങനെയെങ്കിൽ മാത്രമേ അവർ അതിനെതിരെ നിലപാടുകൾ എടുക്കൂ. ഇത് കൂട്ടായ പ്രതിഫലനത്തിന്റെ ഒരു നിമിഷമാണ്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പുരോഗമന തരംഗം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും കാമ്പയ്നു പിന്നിലുള്ളവർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.