ഹൈദരാബാദ്: കോൺഗ്രസുമായുള്ള സഖ്യ ചർച്ചയിൽ തീരുമാനമാകാതിരുന്നതോടെ തെലങ്കാനയിൽ 17 സീറ്റുകളിൽ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് സി.പിഎം. സീറ്റ് ചർച്ചയിൽ കോൺഗ്രസിന്റെ പ്രതികരണത്തിനായി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ടി. വീരഭദ്രം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മറ്റ് വഴികളില്ലാത്തതിനാൽ ഒറ്റക്ക് മത്സരിക്കാൻ ബുധനാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. 24 സീറ്റുകളിൽ മത്സരിക്കാനായിരുന്നു നിർദേശങ്ങളുയർന്നത്. ആദ്യ പട്ടികയിൽ 17 സ്ഥാനാർഥികളുടെ പട്ടികക്ക് അനുമതി നൽകി. 20 സീറ്റുകളിൽ വരെ മത്സരിച്ചേക്കാമെന്നും പ്രഖ്യാപിച്ച പട്ടികയിൽ ഒന്നോ രണ്ടോ മാറ്റമുണ്ടായേക്കാമെന്നും വീരഭദ്രം പറഞ്ഞു. കോൺഗ്രസുമായി സി.പി.ഐ ധാരണയിലെത്തിയില്ലെങ്കിലാകും പട്ടികയിൽ മാറ്റമുണ്ടാവുക.
ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മത്സരിക്കാത്ത സീറ്റുകളിൽ, ബി.ജെ.പിക്ക് വിജയസാധ്യതയുള്ളിടത്ത് പ്രധാന എതിരാളിയായ കോൺഗ്രസിനോ ബി.ആർ.എസിനോ വോട്ട് ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈര, മിരിയാലഗുഡ സീറ്റുകളായിരുന്നു സി.പി.എം ഒടുവിൽ ആവശ്യപ്പെട്ടത്. ഒരു സീറ്റിൽ പോലും കോൺഗ്രസ് പിന്തുണയിൽ മത്സരിക്കാൻ തയാറായിരുന്നു. ചെന്നൂർ, കോതഗുഡം സീറ്റുകൾ സി.പി.ഐയും മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, കോൺഗ്രസ് വ്യക്തമായ മറുപടി നൽകാത്തതാണ് ഇടത് പാർട്ടികളെ ചൊടിപ്പിച്ചത്. പാർട്ടിക്ക് വേരോട്ടമുള്ള ഖമ്മം ജില്ലയിൽ കൂടുതൽ സീറ്റുകൾ സി.പി.എം ആഗ്രഹിച്ചിരുന്നു. ഒരു സീറ്റിലേക്ക് ഒതുങ്ങാൻ തീരുമാനിച്ചിട്ടും കോൺഗ്രസ് നിഷേധാത്മക നിലപാട് തുടരുകയായിരുന്നു. വ്യാഴാഴ്ച മൂന്ന് വരെ സീറ്റ് ചർച്ചയിലെ തീരുമാനത്തിന് കോൺഗ്രസിന് അന്ത്യശാസനം നൽകിയിട്ടും മറുപടിയുണ്ടായില്ല.
ഇടത് പാർട്ടികൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പുണ്ട്. അടുത്തകാലം വരെ ബി.ആർ.എസുമായി ചേർന്ന് പ്രവർത്തിച്ച പാർട്ടിയുമായി സീറ്റ് ധാരണ വേണ്ടെന്നാണ് ചില നേതാക്കളുടെ നിലപാട്. കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമടക്കമുള്ള നേതാക്കളുമായി ചേർന്ന് സി.പി.എം മൂന്നാം മുന്നണിയുടെ തുടക്കമെന്ന നിലയിൽ ഖമ്മത്ത് വൻ റാലി നടത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും റാലിയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം മുനുഗോഡ് ഉപതെരഞ്ഞെടുപ്പിലും ബി.ആർ.എസിനെയാണ് ഇടത് പാർട്ടികൾ പിന്തുണച്ചത്. ഇത്തരം നീക്കങ്ങൾ സംസ്ഥാനത്തെ കോൺഗ്രസിൽ എതിർപ്പിന് കാരണമായിരുന്നു.
നിലവിൽ തെലങ്കാന നിയമസഭയിൽ സി.പി.ഐക്കും സി.പി.എമ്മിനും അംഗങ്ങളില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 0.44 ശതമാനം വോട്ട് മാത്രമാണ് സി.പി.എമ്മിന് കിട്ടിയത്. സി.പി.ഐക്ക് 0.40 ശതമാനവും. ഖമ്മത്തിന് പുറമേ, നൽഗോണ്ഡ, ഭദ്രാദ്രി, കോതഗുഡം ജില്ലകളിലാണ് ഇടത് സാന്നിധ്യമുള്ളത്. 2014ൽ ഒന്നാം നിയമസഭയിൽ ഇരുപാർട്ടികൾക്കും ഓരോ സീറ്റുണ്ടായിരുന്നു. സെപ്റ്റംബറിൽ ബി.ആർ.എസ് 117 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് സഖ്യസാധ്യതക്ക് ഇടത് പാർട്ടികൾ ശ്രമിച്ചത്.
കിഷൻ റെഡ്ഡി മത്സരിച്ചേക്കില്ല; അസ്ഹറുദീന് എതിരാളി ലങ്കാല ദീപക് റെഡ്ഡി
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ 35 സ്ഥാനാർഥികളുടെ പട്ടിക കൂടി പുറത്തുവിട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിക്ക് സീറ്റ് നൽകില്ലെന്നാണ് സൂചന. ജൂബിലി ഹിൽസ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദീനെതിരെ ലങ്കാല ദീപക് റെഡ്ഡി മത്സരിക്കും. 119 സീറ്റുകളുള്ള സംസ്ഥാന നിയമസഭയിലേക്ക് 88 പേരുകളാണ് പുതിയ പട്ടികയിലൂടെ ബി.ജെ.പി പുറത്തുവിട്ടത്.
കിഷൻ റെഡ്ഡി 2018ലെ തെരഞ്ഞെടുപ്പിൽ ആംബർപേട്ടിൽ ബി.ആർ.എസിന്റെ കെ. വെങ്കിടേഷിനോട് തോറ്റിരുന്നു. പവൻ കല്യാണിന്റെ ജനസേന പാർട്ടിയുമായി ചർച്ച തുടരുന്നതിനാൽ ചില സീറ്റുകൾ ബി.ജെ.പി ഒഴിച്ചിട്ടു. ആന്ധ്രാപ്രദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ ജനസേനക്ക് ആറ് മുതൽ ഏഴ് വരെ സീറ്റുകൾ നൽകിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.