രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷാംഗങ്ങൾ കവാടത്തിൽ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി: പാർലമെന്റിന്റെ ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയില്ലാതെ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ലോക്സഭ പാസാക്കിക്കേണ്ടിവന്നത് കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ ശാഠ്യത്തിന് മുന്നിൽ സർക്കാർ പരാജയം സമ്മതിക്കുകയായിരുന്നു. തുടർന്ന് രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗം പ്രതിപക്ഷം ബഹിഷ്‍കരിക്കുകയും ചെയ്തു.
ലോക്സഭയിൽ നാലു ദിവസമായി രാഹുൽ ഗാന്ധിയെ പ്രസംഗിപ്പിക്കാൻ അനുവദിക്കാതിരുന്ന സ്പീക്കറുടെ നടപടി അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം മുൻകൂട്ടിക്കണ്ട് മറുപടി പ്രസംഗം വേണ്ടെന്നുവെച്ച പ്രധാനമന്ത്രി സഭയിൽതന്നെ വന്നില്ല. പ്രതിഷേധം തുടങ്ങിയത് തൊട്ട് പ്രധാനമന്ത്രി സഭയിൽ വരുന്നില്ല. തുടർന്ന് മറുപടി ഒഴിവാക്കി പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ലോക്സഭാ സ്പീക്കർ നന്ദിപ്രമേയം വായിച്ചു. പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധ മുദ്രാവാക്യങ്ങൾക്കിടെ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
2004 ജൂണിൽ യു.പി.എ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റ് സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയാൻ ലോക്സഭയിൽ എത്തിയിരുന്നുവെങ്കിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയാൻ അനുവദിച്ചില്ല. അതേസമയം, നന്ദിപ്രമേയ ചർച്ച പാസാക്കുന്നതിലടക്കം പ്രധാനമന്ത്രി പങ്കാളിയാകുകയും ചെയ്തു. വ്യാഴാഴ്ച സഭയിൽതന്നെ വരാതിരുന്നതിലൂടെ ആ ചരിത്രമാണ് മോദി തിരുത്തിക്കുറിച്ചത്.
വ്യാഴാഴ്ച സഭ പിരിയുംമുമ്പ് ലോക്സഭയെ അഭിസംബോധന ചെയ്ത സ്പീക്കർ ഓം ബിർള സഭയിലേക്ക് വരേണ്ടെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ചത് താനാണെന്ന് വ്യക്തമാക്കി. ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതിഷേധത്തിന് പ്രതിപക്ഷ എം.പിമാർ ഒരുങ്ങുന്നുണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ഉപദേശമെന്നും ബിർള കൂട്ടിച്ചേർത്തു.
ലോക്സഭയിൽ വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പീക്കർക്ക് പിറകിൽ പോയി ഒളിച്ചെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. അദ്ദേഹത്തിന്റെ ബെഞ്ചിനടുത്ത് വനിത എം.പിമാർ നിലയുറപ്പിച്ചതിനാൽ ബുധനാഴ്ച അദ്ദേഹത്തിന് സഭയിൽ വരാനുള്ള ധൈര്യമുണ്ടായില്ല. എന്തൊരസംബന്ധമാണിതെന്ന് പ്രിയങ്ക ചോദിച്ചു. ലോക്സഭയിൽ ചർച്ച വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാതിരുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.