ബംഗളൂരു: േകരളത്തോടു ചേർന്നുള്ള കർണാടകയിലെ കുടക് ജില്ലയിലും ആദ്യ കോവിഡ്-19 സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽനിന്നും ഇന്ത്യയിലേക്ക് എത്തിയ കുടകിലെ കൊണ്ടൻകേരി സ്വദേശിയായ 30കാരനാണ് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു. കുടകിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞയാഴ്ച മുതൽ തന്നെ കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു. കുടകിന് പുറമെ കർണാടകയിൽ കോവിഡ്-19 ബാധിച്ച് 76കാരൻ മരിച്ച കലബുറഗിയിലും ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ദാവൻകരെയിലും ചിത്രദുർഗയിലും ശിവമൊഗ്ഗയിലും 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കുടകിൽ രോഗം സ്ഥിരീകരിച്ചതോടെ കുടകിനോട് ചേർന്നുള്ള വയനാട്, കണ്ണൂർ ജില്ലകളിലെ അതിർത്തി ഗ്രാമങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ആദ്യമായാണ് കുടകിൽ കോവിഡ്-19 സ്ഥിരീകരിക്കുന്നത്. ഇതോടെ കർണാടകയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. രോഗലക്ഷണങ്ങളോടെ കുടക് ഗവ. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നാലുപേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച കുടകിലെ കൊണ്ടൻകേരിയിൽ 306 പേരോടാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽനിന്നെത്തിയ 197 പേരാണ് കുടകിൽ നേരത്തെ മുതൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 78 പേർ മടിക്കേരിയിൽനിന്നുള്ളവരും 55 പേർ വീരാജ്പേട്ടിൽനിന്നുള്ളവരും 55 പേർ സോംവാർപേട്ടിൽനിന്നുള്ളവരുമാണ്.
കുടക് സ്വദേശിയുമായി സമ്പർക്കമുണ്ടായിരുന്നവർ റിപ്പോർട്ട് ചെയ്യണം
ബംഗളൂരു: േകാവിഡ്-19 സ്ഥിരീകരിച്ച കുടക് സ്വദേശി യാത്ര ചെയ്ത വിമാനത്തിലുണ്ടായിരുന്നവരോടും ബസിലുണ്ടായിരുന്നവരോടും ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് കുടക് ജില്ല ഭരണകൂടം അറിയിച്ചു. മാർച്ച് 15ന് വൈകിട്ട് 4.15ന് ബംഗളൂരു കെംപെഗൗഡ ഇൻറർനാഷനൽ എയർപോർട്ടിലെത്തിയ ദുബായിൽനിന്നുള്ള 6E96 നമ്പർ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരും രാത്രി 11.33ന് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്നും പുറപ്പെട്ട വീരാജ്പേട്ട്, മുർനാട് വഴിയുള്ള മടിക്കേരിയിലേക്കുള്ള രാജഹംസ ബസിലും (KA19F3170) യാത്ര ചെയ്തവരുമാണ് എത്രയും പെട്ടെന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യേണ്ടത്.
ചെന്നൈയിലെത്തിയ വിദ്യാർഥിക്ക് കോവിഡ്
ചെന്നൈ: അയർലൻഡിലെ ഡബ്ലിനിൽനിന്ന് ചെന്നൈയിലെത്തിയ 21കാരനായ വിദ്യാർഥിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നായി. മാർച്ച് 17ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ വിദ്യാർഥി നിരീക്ഷണത്തിലായിരുന്നു. ബുധനാഴ്ച ആരോഗ്യനില മോശമായതിനെ തുടർന്ന് യുവാവ് സ്വന്തംനിലയിൽ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. നിലവിൽ െഎസൊലേഷൻ വാർഡിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്കർ ട്വീറ്റ് ചെയ്തു.
മഹാരാഷ്ട്രയിൽ രണ്ടു പേർ വെൻറിലേറ്ററിൽ
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെ നില അതിഗുരുതരം. ഇരുവരും മുംബൈ കസ്തൂർബ ആശുപത്രി വെൻറിലേറ്ററിലാണ്. ബുധനാഴ്ച രണ്ടു പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 49 ആയി. ഒരാൾ ഫിലിപ്പീൻസ് സ്വദേശിയാണ്. രോഗമുള്ളവരിൽ 39 പേരും വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവരാണെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. നഗരത്തിൽ ഭാഗിക നിയന്ത്രണത്തിലൂടെ തിരക്ക് കുറക്കാനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.