മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് 19 വൈറസ് ബാധ രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്ചത്തെ കണക്കുകൾ കൂടി പുറത്ത് വന്നതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. 1,089 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 784 എണ്ണവും മുംബൈയിലാണ്.
സംസ്ഥാനത്ത് 731 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 31 മരണവും മുംബൈയിലാണ്. അതേസമയം, കോവിഡ് പടർന്നു പിടിക്കുന്നതിനിടെ മുംബൈയുടെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾ തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്തെത്തി. 24 മണിക്കൂർ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വിശ്രമം ലഭിക്കാനായി കേന്ദ്രസർക്കാറിൽ നിന്ന് കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടും. ഇതിന് മുംബൈയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറുമെന്ന് അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മഹാരാഷ്ട്രയിൽ കോവിഡിൻെറ ചങ്ങല മുറിക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ സമ്മതിച്ചു. ലോക്ഡൗൺ എല്ലാ കാലത്തും തുടരാനാവില്ല. ഒരു ദിവസം അതിൽ നിന്ന് പുറത്ത് വന്നേ മതിയാകു. ശാരീരിക അകലം പാലിച്ചും ഫേസ്മാസ്ക് ഉപയോഗിച്ചും മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.