മുംബൈ: രാവിലെ ഉണർന്നാൽ ഒന്നിനും സമയമില്ല. വീട്ടുജോലികൾ തീർക്കണം, അടുക്കള ജോലിക്ക് ആളുണ്ടെങ്കിൽ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും എന്തുണ്ടാക്കണമെന്ന് പറയണം, വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ആളുകളെ വിളിക്കണം, ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ പലചരക്കും പച്ചക്കറിയും വാങ്ങണം. ഇതിനൊക്കെ പുറമെ ഓഫീസിലെത്തിയാൽ അവിടുത്തെ നൂറ് കൂട്ടം ജോലികൾ, മീറ്റിങ്ങുകൾ.
ഭാര്യയും ഭർത്താവും ജോലിക്കാരായാൽ പിന്നെ കൂടുതൽ പ്രശ്നങ്ങളാണ്. ഓഫിസിലെ സമ്മർദ്ദവും ടാർജറ്റ് തികക്കലും വീട്ടിലെ ജോലികളും തമ്മിൽ ഒരു രീതിയിലും ഒത്തുപോകുന്നില്ല. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി ഹോം മാനേജരെ നിയമിച്ചരിക്കുകയാണ് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഗ്രെയ് ലാബ്‌സിന്റെ സ്ഥാപകൻ അമൻ ഗോവലും ഭാര്യ ഹർഷിത ശ്രീവാസ്തവയും. ഗ്രെയ് ലാബ്‌സിന്റെ സഹസ്ഥാപകയാണ് ഹർഷിത.
ഇവർ ഒരു ലക്ഷം രൂപയാണ് ഹോം മാനേജർക്ക് ശമ്പളം നൽകുന്നത്. ഭക്ഷണകാര്യങ്ങൾ തീരുമാനിക്കുക, അലമാരകൾ അടുക്കിവെക്കുക,വീട്ടിലെ അറ്റകുറ്റപ്പണികൾ, പലചരക്ക് സാധനങ്ങൾ വാങ്ങുക, അലക്കൽ തുടങ്ങി ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന മുഴുവൻ സമയ ഹോം മാനേജരെയാണ് നിയമിച്ചരിക്കുന്നതെന്നാണ് അമൻ വെളിപ്പെടുത്തിയിരിക്കുന്നത്.
വീട്ടിലെ എല്ലാ കാര്യങ്ങളും ആ വ്യക്തി തന്നെയാണ് നോക്കി നടത്തുന്നത് ഹോംമാനേജരാണ്. അതിനാൽ തനിക്കും ഭാര്യക്കും ബിസിനസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നു. ധാരാളം തലവേദനകളിൽ നിന്നും സമയനഷ്ടത്തിൽ നിന്നും ഈ തീരുമാനം ഞങ്ങളെ രക്ഷിച്ചെന്നും അമൻ പറഞ്ഞു.
'ഞങ്ങളുടെ ഹോം മാനേജർ വിദ്യാസമ്പന്നനാണ്. ഹോട്ടൽ ശൃംഖലയിൽ ഓപ്പറേഷൻസ് ഹെഡായിരുന്നു. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകുന്നു. ഞങ്ങൾ ഞങ്ങളുടെ സമയത്തെ വിലമതിക്കുന്നു, പണം നൽകാൻ ഞങ്ങൾക്ക് കഴിയും, അതിനാൽ പണം നൽകുന്നു..' അമൻ വിശദീകരിച്ചു.
'എന്റെ മാതാപിതാക്കൾ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്, ഇരുവരും മുതിർന്ന പൗരന്മാരാണ്, അവരെക്കൊണ്ട് ഇത്തരം ജോലികളുടെ ഭാരം താങ്ങാൻ കഴിയില്ല. വീട് കൈകാര്യം ചെയ്യേണ്ടത് ഒരു ജോലിയാണ് 'അദ്ദേഹം കൂട്ടിച്ചേർത്തു.
ചിലർ തീരുമാനത്തെ വിമർശിച്ചും മറ്റ് ചിലർ അനുകൂലിച്ചും രംഗത്തെത്തി. തന്‍റെ കമ്പനിയുടെ ചെലവ് ഇങ്ങനെ വർധിപ്പിക്കുന്നത് ശരിയാണോ എന്ന് ഒരാൾ ചോദിക്കുന്നു. ഒരു ലക്ഷം രൂപ ശമ്പളം നൽകുന്നതിനെതിരെയാണ് കൂടുതലും വിമർശനം ഉയർന്നത്. എന്നാൽ തന്റെ വ്യക്തിഗത വരുമാനത്തിൽ നിന്ന് ഹോം മാനേജർക്ക് പണം നൽകുന്നുവെന്ന് അമൻ ഗോയൽ വ്യക്തമാക്കി.
വീട്ടുജോലിക്കാരെയും പാചകക്കാരെയും നിയമിക്കുന്നതുപോലെത്തന്നെയാണ് ഹോം മാനേജരെ നിയമിക്കുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടു. കമ്പനിയിൽ സ്വയം സമർപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് കഴിയുന്നില്ലെങ്കിൽ ഒരു ഹോം മാനേജരെ നിയമിക്കുന്നതാണ് നല്ലതെന്നും പലരും അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.