‘മാധ്യമങ്ങളെയല്ല, രാഹുൽ ഗാന്ധിയെ ബഹിഷ്‍കരിക്കുന്നതാകും കോൺഗ്രസിന് കൂടുതൽ ഗുണം ചെയ്യുക’; പരിഹാസവുമായി ബി.ജെ.പി

ന്യൂഡൽഹി: ചാനലുകളിൽ പക്ഷപാതപരമായി പെരുമാറുന്ന വാർത്ത അവതാരകരെ ബഹിഷ്‍കരിക്കാനുള്ള ‘ഇൻഡ്യ’ സഖ്യത്തിന്റെ തീരുമാനത്തിൽ കോൺഗ്രസിനെതിരെ പരിഹാസവുമായി ബി.ജെ.പി. മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നും അവരുടെ നേതാവ് രാഹുൽ ഗാന്ധിയെ ബഹിഷ്‍കരിക്കുന്നതാകും അവർക്ക് കൂടുതൽ ഗുണം ചെയ്യുകയെന്നും ബി.ജെ.പി വക്താവ് സംബിത് പാത്ര പരിഹസിച്ചു.

കോടതിയും തെരഞ്ഞെടുപ്പ് കമീഷനും ഉൾപ്പെടെ പ്രതിപക്ഷ സഖ്യത്തിന്റെ ആക്രമണത്തിന് വിധേയമാകാത്ത ഒരു സ്ഥാപനവും ഇന്ത്യയിലില്ല. കോൺഗ്രസ് നേതാവായ രാഹുൽ സ്നേഹത്തെ കുറിച്ച് സംസാരിക്കുകയും വെറുപ്പ് വിൽക്കുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദയും മാധ്യമപ്രവർത്തകരെ ബഹിഷ്‍കരിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ‘കോൺഗ്രസിന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന ചരിത്രമുണ്ട്’ എന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം.

ഇൻഡ്യ സഖ്യം ബഹിഷ്കരിക്കുന്ന ചാനലുകളുടെയും അവതാരകരുടെയും പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചാനലുകളിൽ പക്ഷപാതപരമായി പെരുമാറുന്ന വാർത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ ബുധനാഴ്ച ചേർന്ന സഖ്യത്തിന്‍റെ ഏകോപന സമിതി തീരുമാനിച്ചിരുന്നു. ഇതിനായി സഖ്യത്തിന്‍റെ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തി. പിന്നാലെയാണ് കോൺഗ്രസ് നേതാവ് പവൻ ഖേര പട്ടിക പുറത്തുവിട്ടത്. ആജ് തക് എഡിറ്റർ സുധീർ ചൗധരി, റിപബ്ലിക് ടി.വിയുടെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്. നവിക കുമാർ (ടൈംസ് നെറ്റ്‌വർക്ക്), അർണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗൺ, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീർ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂർ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാർ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക.

ഈ അവതാരകർ നയിക്കുന്ന ഒരു ചർച്ചയിലും ഇൻഡ്യ സഖ്യത്തിലെ ഒരു കക്ഷിയും പങ്കെടുക്കില്ല. ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദർശൻ ന്യൂസ്, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളും സഖ്യം ബഹിഷ്കരിക്കും.


Tags:    
News Summary - ‘Congress would benefit more by boycotting Rahul Gandhi’; BJP with sarcasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.