ഗുജറാത്തിൽ കർഷകപ്രിയ വാഗ്ദാനങ്ങളുമായി കോൺഗ്രസ്


കാർഷിക കടം

എഴുതിത്തള്ളും

സൗജന്യ വൈദ്യുതി

അനുവദിക്കും

അഹ്മദാബാദ്: ഗുജറാത്തിൽ കാർഷിക കടം എഴുതിത്തള്ളൽ, സൗജന്യ വൈദ്യുതി തുടങ്ങി കർഷകർക്ക് മികച്ച വാഗ്ദാനങ്ങളുമായി കോൺഗ്രസ്.

സംസ്ഥാനത്ത് ഈവർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ അധികാരത്തിലേറിയാൽ മൂന്നുലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും കർഷകർക്ക് 10 മണിക്കൂർ സൗജന്യ വൈദ്യുതി അനുവദിക്കുമെന്നുമാണ് പാർട്ടി വാഗ്ദാനം. താങ്ങുവിലയെക്കാൾ കുറഞ്ഞ വിലയിൽ കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജഗ്ദീഷ് താക്കോർ പറഞ്ഞു. 300 യൂനിറ്റ് സൗജന്യ വൈദ്യുതി, തൊഴിൽരഹിതരായ യുവാക്കൾക്കും സ്ത്രീകൾക്കും ബത്ത തുടങ്ങിയ വമ്പൻ വാഗ്ദാനങ്ങളായിരുന്നു കഴിഞ്ഞദിവസം എ.എ.പി പ്രഖ്യാപിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന്റെ കർഷകപ്രിയ പ്രഖ്യാപനങ്ങൾ.

സംസ്ഥാനത്ത് ആവശ്യത്തിലധികം വൈദ്യുതി ലഭ്യമാണെന്നാണ് അധികാരത്തിലിരിക്കുന്ന ബി.ജെ.പി അവകാശപ്പെടുന്നതെങ്കിലും കർഷകർക്ക് കാർഷികവൃത്തിക്ക് ആവശ്യമായ വൈദ്യുതി ലഭിക്കുന്നില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കർഷകർ കടക്കെണിയിൽ വലയുകയാണ്. കർഷകർക്ക് ഇളവുകൾ നൽകുന്നതിനുപകരം വ്യവസായികളുടെ വായ്പകളാണ് സർക്കാർ എഴുതിത്തള്ളുന്നത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യമന്ത്രിസഭായോഗത്തിൽ തന്നെ കർഷകരുടെ മൂന്നുലക്ഷം വരെയുള്ള കടങ്ങൾ എഴുതിത്തള്ളുന്ന തീരുമാനം എടുക്കുമെന്നും താക്കോർ കൂട്ടിച്ചേർത്തു.

20 കിലോ കാർഷിക ഉൽപന്നങ്ങൾ വിൽക്കുമ്പോൾ കർഷകർക്ക് 20 രൂപ ബോണസ് അനുവദിക്കും. സംസ്ഥാനത്തെ എല്ലാ സഹകരണ മേഖലയിലും 33 ശതമാനം വനിത സംവരണം, ക്ഷീരകർഷകർക്ക് ലിറ്റർ പാലിന് അഞ്ചുരൂപ ബത്ത, കർഷകരെ സഹായിക്കുന്നതിന് എല്ലാ ഗ്രാമങ്ങളിലും കർഷകസഹായ കേന്ദ്രങ്ങൾ തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങൾ. ഭൂനിർണയത്തിന് ഉപഗ്രഹ മാപ്പിങ് ഉപയോഗിക്കുന്ന ഗുജറാത്ത് സർക്കാറിന്റെ പുതിയ പദ്ധതിയിൽ കൃത്രിമവും അഴിമതിയും ആരോപിച്ച താക്കൂർ തങ്ങൾ അധികാരത്തിലെത്തിയാൽ ഇത് റദ്ദാക്കി പുതിയ മാപ്പിങ് നടത്തുമെന്നും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Congress with pro-farmer promises in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.