ഗിരീഷ് ചോദങ്കർ
പനാജി: 2027-ൽ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ട് പ്രതിപക്ഷ പാർട്ടികളുടെ വിശാല മുന്നണി രൂപീകരിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ആം ആദ്മി പാർട്ടി, റെവല്യൂഷണറി ഗോവൻസ് പാർട്ടി (ആർ.ജി.പി) എന്നിവരുമായി കോൺഗ്രസ് പ്രാരംഭ സഖ്യചർച്ചകൾ ആരംഭിച്ചു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ വോട്ടുകൾ ഭിന്നിച്ചത് ബിജെപിക്ക് വലിയ രാഷ്ട്രീയ നേട്ടമായി മാറിയിരുന്നു. 40 അംഗങ്ങളുള്ള ഗോവ നിയമസഭയിൽ ചെറിയ വോട്ട് വ്യത്യാസങ്ങൾ പോലും വിജയപരാജയങ്ങളെ നിർണയിക്കുന്ന ഘടകമാണ്. അതിനാൽ ബിജെപി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കാൻ കോൺഗ്രസ്, എഎപി, ആർജിപി തുടങ്ങിയ പാർട്ടികൾക്കിടയിൽ ധാരണ അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ നേതൃത്വം.
എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മുന്നണി രൂപീകരണത്തിന് കോൺഗ്രസ് തയ്യാറാണെന്ന് നേതാക്കൾ വ്യക്തമാക്കി. അതേസമയം, സീറ്റ് വിഭജനവും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സംബന്ധിച്ച വിശദമായ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. ബിജെപിയുടെ ഭരണവീഴ്ചകൾ തുറന്നുകാട്ടാനും സംസ്ഥാനത്തെ പ്രധാന ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും സംയുക്ത നീക്കത്തിലൂടെ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതീക്ഷ.
കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് ചോദങ്കറിന്റെ നേതൃത്വത്തിലാണ് സഖ്യ ചർച്ചകൾ മുന്നോട്ട് പോവുന്നത്. ആം ആദ്മിയുടെ ഗോവ അധ്യക്ഷൻ വാൽമീകി നായ്ക്കും ആർ.ജി.പിയുടെ വിരേഷ് ബോർകാരും അനുകൂല പ്രതികരണങ്ങളാണ് നടത്തിയത് എന്ന് കോൺഗ്രസ് പ്രസിഡന്റ് വ്യക്തമാക്കി. 'ഗോവ ഫോർവേഡ് പാർട്ടി'യുമായും ചർച്ചക്ക് തയാറാണെന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗിരീഷ് ചോദങ്കർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.