പി. ചിദംബരം
ന്യൂഡൽഹി: ലോക്സഭയിലെ നിലവിലെ 543 സീറ്റുകളും തമിഴ്നാട്ടിലെ 39 സീറ്റുകളും അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ തുടരണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി. ചിദംബരം. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയും കോൺഗ്രസ് പ്രവർത്തക സമിതിയും സ്വീകരിച്ച നിലപാട് ഒന്നുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.
ലോക്സഭയിലെ ആകെ സീറ്റുകൾ 543 ആയും തമിഴ്നാട്ടിലെ മണ്ഡലങ്ങളുടെ എണ്ണം 39 ആയും നിലനിർത്തണമെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ എണ്ണം 25 വർഷത്തേക്ക് തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടി.വി.കെയും പ്രധാന പ്രതിപക്ഷമായ ഡി.എം.കെയും നിലപാടിനെ പിന്തുണക്കുന്നതിൽ സന്തോഷമുണ്ടെന്നും ചിദംബരം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ ജനസംഖ്യാ കണക്കുകളുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ പാർലമെന്റിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയാണ് ഉയരുന്നത്. ആഗസ്റ്റ് 12ന് തമിഴ്നാട് നിയമസഭ നിർദിഷ്ട മണ്ഡല പുനർനിർണയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു. നിലവിലെ 543 ലോക്സഭാ സീറ്റുകൾ സ്ഥിരമായി നിലനിർത്തുക, സംസ്ഥാനങ്ങൾക്കിടയിലെ ലോക്സഭാ സീറ്റുകളുടെ നിലവിലെ വിഹിതം തുടരുക എന്നിവയാണ് പ്രമേയത്തിലെ പ്രധാന ആവശ്യങ്ങൾ. നിലവിലെ 543 മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു.
2026 ഏപ്രിൽ 16ന് ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടന (131-ാം ഭേദഗതി) ബിൽ, ലോക്സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനും 2023ൽ പാസാക്കിയ വനിതാ സംവരണ നിയമം വേഗത്തിൽ നടപ്പാക്കാനുമാണ് ലക്ഷ്യമിട്ടത്. എന്നാൽ ഭരണഘടനാപരമായി ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തതിനാൽ ബിൽ പാസായില്ല.
വനിതാ സംവരണത്തെ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പിന്തുണക്കുന്നുണ്ടെങ്കിലും അത് മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിക്കുന്നതിനെയാണ് അവർ എതിർക്കുന്നത്. നിലവിലെ മണ്ഡലങ്ങളുടെ എണ്ണത്തിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മണ്ഡല പുനർനിർണയത്തെക്കുറിച്ചുള്ള ചർച്ച തുടരുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.