മദ്രാസ് ഹൈകോടതി



'വിവാഹം കഴിക്കാനുള്ള അവകാശം മനുഷ്യാവകാശമാണ്'; ഹിന്ദു പുനർ വിവാഹ നിയമത്തിൽ ഭേദഗതി നിർദേശിച്ച് മദ്രാസ് ഹൈകോടതി

ചെന്നൈ: വിവാഹം കഴിക്കാനുള്ള അവകാശം മൗലിക മനുഷ്യാവകാശമാണെന്നും, വിവാഹമോചന ഉത്തരവിനെതിരെയുള്ള അപ്പീലുകൾ കാരണം പുനർവിവാഹ സാധ്യതകൾ വർഷങ്ങളോളം അനിശ്ചിതത്വത്തിലാകുന്നത് നീതീകരിക്കാനാകില്ലെന്നും മദ്രാസ് ഹൈകോടതി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 15-ൽ കാലാനുസൃതമായ ഭേദഗതികൾ വരുത്താൻ പാർലമെന്റിനോട് നിർദേശിച്ച കോടതി, വിവാഹമോചനത്തിനെതിരെ അപ്പീൽ നൽകുന്ന കക്ഷി രണ്ട് മാസത്തിനകം സ്റ്റേ ഉത്തരവ് നേടണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കുടുംബ കോടതി അനുവദിച്ച വിവാഹമോചന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഭർത്താവിന്റെ അപ്പീൽ കോടതി മുൻപാകെ എത്തിയെങ്കിലും, നടപടികൾ നീണ്ടുപോവുകയും പിന്നീട് മതിയായ ഹാജരില്ലാത്തതിനാൽ അപ്പീൽ തള്ളപ്പെടുകയും ചെയ്തു. ഇതിനിടയിൽ വിവാഹമോചന ഉത്തരവിന് സ്റ്റേ ഇല്ലാതിരുന്ന സാഹചര്യത്തിൽ ഭാര്യ പുനർവിവാഹം കഴിച്ചു. തുടർന്ന് പുനഃസ്ഥാപിക്കപ്പെട്ട ഭർത്താവിന്റെ അപ്പീൽ അപ്രസക്തമായെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു.

നിലവിലെ നിയമപ്രകാരം വിവാഹമോചന വിധിക്ക് സ്റ്റേ ലഭിച്ചിട്ടില്ലെങ്കിൽ വിവാഹമോചിതയായ വ്യക്തിക്ക് പുനർവിവാഹം ചെയ്യാൻ സാങ്കേതികമായി അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു അപ്പീൽ ഫയൽ ചെയ്തുവെന്നത് കൊണ്ട് മാത്രം പുനർവിവാഹത്തിനുള്ള അവകാശം ദീർഘകാലത്തേക്ക് തടഞ്ഞുവെക്കപ്പെടരുത്. ഇത്തരം തർക്കങ്ങൾ വർഷങ്ങളോളം തീർപ്പാകാതെ കിടക്കുന്ന സാഹചര്യത്തിൽ, ഒരു വ്യക്തിയുടെ ഭാവി ജീവിതം അനിശ്ചിതത്വത്തിലാക്കുന്നത് തുല്യനീതിക്ക് വിരുദ്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

Tags:    
News Summary - 'Right to Marry is a Human Right': Madras High Court Suggests Changes to Hindu Marriage Act on Remarriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.