ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് ധിറുതിപിടിച്ചും പക്ഷപാതപരമായും അയോഗ്യത കൽപിച്ചതിന് ലോക്സഭ സ്പീക്കർ ഓം ബിർലക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി കോൺഗ്രസ്. ഇക്കാര്യത്തിൽ മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടക്കുകയാണ്.
കോൺഗ്രസ് എം.പിമാരുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയ നിർദേശം ഉണ്ടായത്. തിങ്കളാഴ്ച പ്രമേയം കൊണ്ടുവരാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ, ചില പാർട്ടികൾക്ക് യോജിപ്പില്ല. പ്രതിപക്ഷ ഐക്യത്തിൽ ഈയിടെയുണ്ടായ ഉണർവിന് ഭിന്നാഭിപ്രായങ്ങൾ ദോഷം ചെയ്യുമെന്നാണ് അവരുടെ കാഴ്ചപ്പാട്.
50 എം.പിമാരുടെ കൈയൊപ്പുണ്ടെങ്കിൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാം. എന്നാൽ, പാർലമെന്‍റ് നടപടികൾ തുടർച്ചയായി സ്തംഭിക്കുന്നതാണ് നിലവിലെ സാഹചര്യം. ബഹളാന്തരീക്ഷത്തിൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാൻ കഴിയില്ലെന്ന പ്രശ്നവുമുണ്ട്. അപകീർത്തി കേസിൽ സൂറത്ത് കോടതി രാഹുലിനെതിരെ ശിക്ഷാവിധി പുറപ്പെടുവിച്ച് മണിക്കൂറുകൾക്കകം എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കുകയാണ് ലോക്സഭ സെക്രട്ടേറിയറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.